ബെംഗളൂരു: രണ്ടാഴ്ച സ്ലീപിങ് മോഡിൽ നിന്ന് ചാന്ദ്രയാൻ-3 വീണ്ടും ആക്ടീവ് മോഡിലേക്ക്. ചന്ദ്രയാൻ-3 ഇറങ്ങിയ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ സൂര്യപ്രകാശം നിലച്ചതോടെയാണ് ചന്ദ്രയാൻ ദൗത്യം താൽക്കാലികമായി നിശ്ചലമായത്. സെപ്റ്റംബർ മൂന്നിനാണ് ചന്ദ്രയാൻ സ്ലീപിങ് മോഡിലേക്ക് മാറിയത്. സെപ്റ്റംബർ 16നോ 17നോ ചന്ദ്രയാൻ വീണ്ടും പ്രവർത്തനത്തിന് സജ്ജമാകുമെന്ന് ഐഎസ്ആർഒ അറിയിച്ചിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ രണ്ടാഴ്ച പകലാണെങ്കിൽ രണ്ടാഴ്ച രാത്രിയായിരിക്കും.
16-17 തീയതികളിലായിരിക്കും ചന്ദ്രനിൽ സൂര്യോദയമുണ്ടാകുകയെന്നും ആ സമയം വീണ്ടും ചന്ദ്രയാൻ പ്രവർത്തിച്ച് തുടങ്ങുമെന്നുമായിരുന്നു ഐഎസ്ആർഒ പറഞ്ഞിരുന്നത്. ഈ ദിവസങ്ങൾ നിർണായകമാണ്. ചന്ദ്രോപരിതലത്തിലെ രാത്രിയിലുണ്ടാകുന്ന കൊടും തണുപ്പിനെ അതിജീവിച്ച് ലാൻഡറും റോവറും വീണ്ടും പ്രവർത്തനം തുടങ്ങുന്നത് കാത്തിരിക്കുകയാണ് ഐഎസ്ആർഒയും ശാസ്ത്രലോകവും. ഓഗസ്റ്റ് 23നാണ് ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത്. അന്ന് ചന്ദ്രനിൽ സൂര്യനുദിച്ച് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ചന്ദ്രയാൻ സോഫ്റ്റ് ലാൻഡ് ചെയ്തത്. അതുകൊണ്ട് തന്നെ ചന്ദ്രോപരിതലത്തിൽ 12 ദിവസം മാത്രമാണ് ലാൻഡറിനും റോവറിനും സമയം ലഭിച്ചത്.
രാത്രി സമയത്ത് ചന്ദ്രോപരിതലത്തിലെ താപനില മൈനസ് 180 ഡിഗ്രിയിലേക്ക് താഴും. കഴിഞ്ഞ രണ്ടാഴ്ച്ചക്കാലം ലാൻഡറിലെയും റോവറിലെയും ഉപകരണങ്ങൾ സ്ലീപിങ് മോഡിലേക്ക് മാറ്റിയിരുന്നു. നാസയുടെ സഹായത്തോടെ നിർമിച്ച ലേസർ റിട്രോറിഫ്ലെക്ടർ ആരേ ഉണർന്നിരുന്നാണ് ലാൻഡർ എവിടെയാണെന്ന് അറിയിച്ചതും വിവരങ്ങൾ കൈമാറിയിരുന്നതും.