ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ വിവേചനത്തിനെതിരെ ഡൽഹിയിൽ സമരവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, എം.എൽ.എമാർ, എം.പിമാർ എന്നിവരും ജന്തർ മന്ദിറിൽ നടന്ന സമരത്തിൽ പങ്കെടുത്തു. കേന്ദ്രസർക്കാർ കർണാടകയോട് അനീതിയാണ് കാട്ടുന്നതെന്ന് കുറച്ച് വർഷമായി അർഹമായ നികുതിവിഹിതം നൽകുന്നില്ലെന്നും ആരോപിച്ചായിരുന്നു സമരം.
കേന്ദ്രസർക്കാറിന് 100 രൂപ വരുമാനമായി കർണാടകം നൽകുമ്പോൾ തിരികെ തരുന്നത് 13 രൂപ മാത്രമാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. നികുതി പിരിവിൽ രാജ്യത്ത് രണ്ടാമതുള്ള സംസ്ഥാനമാണ് കർണാടക. മഹാരാഷ്ട്രയാണ് ഒന്നാമത്. നികുതിയായി കർണാടക കേന്ദ്രസർക്കാറിന് നൽകുന്നത് 4.30 ലക്ഷം കോടിയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
ബുധനാഴ്ച രാവിലെ പത്തരയോടെയാണ് ജന്തർ മന്ദിറിൽ സമരം തുടങ്ങിയത്. തുടക്കം മുതൽ തന്നെ കർണാടകയെ പ്രകീർത്തിക്കുന്ന പാട്ടുകൾ ലൗഡ്സ്പീക്കറിലൂടെ മുഴങ്ങിയിരുന്നു. ഉച്ചക്ക് 12 മണിയോടെയാണ് സമരത്തെ അഭിസംബോധന ചെയ്ത് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംസാരിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗം ഒരു മണിക്കൂർ നീണ്ടുനിന്നു.
കേന്ദ്രഅവഗണനക്കെതിരെ നിരവധി കത്തുകൾ കേന്ദ്രസർക്കാറിന് എഴുതിയെങ്കിലും ഒന്നിനും മറുപടിയുണ്ടായില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. യോഗത്തിൽ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും പ്രസംഗിച്ചു.
സംസ്ഥാനങ്ങൾക്ക് വിഹിതം നൽകുന്നതിൽ തങ്ങൾക്ക് റോളില്ലെന്നും ധനകാര്യ കമീഷനാണ് എല്ലാം തീരുമാനിക്കുന്നതെന്നുമായിരുന്നു നിർമല സീതരാമൻ പറഞ്ഞത്. ധനകാര്യ കമീഷൻ നിരന്തരമായി ഒരു സംസ്ഥാനത്തെ അവഗണിക്കുമ്പോൾ അതിൽ ഇടപെടാൻ കേന്ദ്രസർക്കാറിന് ബാധ്യതയില്ലേയെന്ന് ഡി.കെ ശിവകുമാർ ചോദിച്ചു.