10 വയസുകാരി വൈഗയെ മദ്യം കുടിപ്പിച്ച് പുഴയിലെറിഞ്ഞു കൊന്ന കേസ്, അച്ഛൻ സനുമോഹൻ കുറ്റക്കാരൻ

news image
Dec 27, 2023, 9:25 am GMT+0000 payyolionline.in

കൊച്ചി : കൊച്ചിയിലെ പത്തുവയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹൻ കുറ്റക്കാരനെന്ന് കോടതി വിധി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞു. ശിക്ഷാ വിധിയിൽ വാദം പുരോഗമിക്കുകയാണ്. അപൂര്‍വ്വത്തിൽ അപൂര്‍വ്വമായ കുറ്റകൃത്യമാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ശിക്ഷ ഉച്ചക്ക് 2.30ന് പ്രഖ്യാപിക്കും.

കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. 2021 മാര്‍ച്ച് 21നാണ് പത്തുവയസുപ്രായമുളള മകളെ മദ്യം നല്‍കി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം അച്ഛൻ പുഴയിലെറിഞ്ഞു കൊന്നത്. പിന്നീട് കടന്നുകളഞ്ഞ പ്രതിയെ ഒരു മാസത്തിന് ശേഷമാണ് കോയമ്പത്തൂരിൽ നിന്നും പിടികൂടിയത്. ഒരു വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് വിധി.

കായംകുളത്തെ വീട്ടില്‍ നിന്ന് അമ്മാവന്‍റെ വീട്ടിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട സനുമോഹന്‍ കങ്ങരപ്പടിയിലെ തന്‍റെ ഫ്ലാറ്റിലേക്കാണ് ആദ്യമെത്തിയത്. വഴിയില്‍നിന്ന് വാങ്ങിയ കൊക്കക്കോളയില്‍ മദ്യംകലര്‍ത്തി വൈഗയെ കുടിപ്പിച്ച ശേഷമായിരുന്നു യാത്ര. മദ്യലഹരിയിലായ പത്ത് വയസുകാരിയെ ഫ്ലാറ്റിലെ വിസിറ്റിംഗ് മുറിയില്‍ ഇരുത്തി മുണ്ട് കൊണ്ട് കഴുത്ത് മുറുക്കി ശരീരത്തോട് ചേര്‍ത്തുപിടിച്ച് ശ്വാസം മുട്ടിച്ചു. മൂക്കിൽ നിന്നും വന്ന രക്തം തുടച്ചു. ശരീരത്തിന്റെ ചലനം നഷ്ടമായതോടെ മരിച്ചെന്ന് കരുതി.  ബോധരഹിതയായ കുട്ടിയെ ബെഡ് ഷീറ്റില്‍ ചുറ്റിയെടുത്ത് കാറിന്‍റെ പിന്‍സീറ്റിലിട്ട് മുട്ടാര്‍ പുഴയിൽ എറിയാൻ കൊണ്ടുപോയി. രാത്രി 10.30 തോടെ കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞു. ഈ സമയത്താണ് കുഞ്ഞ് മരിച്ചത്. കഴുത്ത് ഞെരിച്ചുകൊന്നുവെന്നായിരുന്നു സനു മോഹൻ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റ്മോ‍ര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുഞ്ഞിന്റേത് മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചത്.

കൊലപാതകത്തിന് പിന്നാലെ സംസ്ഥാനം വിട്ട സനുമോഹന്‍ കോയമ്പത്തൂരിലേക്കാണ് ആദ്യം പോയത്. കുഞ്ഞിന്‍റെ ശരീരത്തില്‍ ധരിച്ചിരുന്ന ആഭരണം കൈക്കലാക്കിയായിരുന്നു യാത്ര. അത് വിറ്റ് കിട്ടുന്ന പണംകൊണ്ട് വിദേശത്തേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. ബെംഗളൂരു, മുംബൈ, ഗോവ, മുരുഡേശ്വര്‍, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളില്‍ മുങ്ങി നടന്ന സനുമോഹനെ ഒരു മാസത്തോളമെടുത്താണ് അന്വേഷണ സംഘം പിടികൂടിയത്.  ഈ സമയത്തിനിടെ പ്രതി ചൂതാട്ട കേന്ദ്രങ്ങളിലുമെത്തിയിരുന്നു.

ധൂര്‍ത്തുകൊണ്ടുവരുത്തിവച്ച കടബാധ്യതയില്‍ നിന്ന് രക്ഷപ്പെട്ട്  നാടുവിടാന്‍ തീരുമാനിച്ച സനുമോഹന്‍, മകള്‍ മറ്റുള്ളവരാല്‍ അവഗണിക്കപ്പെടുമെന്ന വിഷമത്തില്‍ വൈഗയെ കൊല്ലുകയായിരുന്നുവെന്നാണ് മൊഴി നൽകിയത്. പ്രതിയെ പിടിച്ച ശേഷം തെളിവ് ശേഖരണവും കുറ്റപത്രം സമര്‍പ്പിക്കലും വേഗത്തിലായി. ഒരു വര്‍ഷത്തോളം കേസിന്‍റെ വിചാരണ നീണ്ടു. 78 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷൻ വാദങ്ങളെല്ലാം കോടതി ശരിവെച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe