1 മിനിറ്റും 24 സെക്കൻഡും; ഏറ്റവും ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗം: റെക്കോർഡ്

news image
Jan 25, 2024, 9:46 am GMT+0000 payyolionline.in

തിരുവനന്തപുരം∙ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗ ദിവസം നിയമസഭ പൂർണമായും ഗവർണറുടെ നിയന്ത്രണത്തിലായിരിക്കും എന്നാണ് ചട്ടം. ‘പ്രസംഗ നിയന്ത്രണം’ ഏറ്റെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ടു ഖണ്ഡിക മാത്രം വായിച്ച് നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചതോടെ, രാജ്യത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗമെന്ന റെക്കോർഡ് പിറന്നു. സഭയുടെ കണക്ക് അനുസരിച്ച് ഒരു മിനിറ്റും 24 സെക്കൻഡും. പ്രസംഗം വെട്ടിച്ചുരുക്കി പ്രതിഷേധം അറിയിച്ചതോടെ, സർക്കാരുമായുള്ള പോരാട്ടം വരുംദിനങ്ങളിലും തുടരുമെന്ന സൂചനയാണു ഗവർണർ നൽകുന്നത്.

ഏറ്റവും ഹ്രസ്വമായ നയപ്രഖ്യാപന പ്രസംഗം വായിച്ചതിന്റെ റെക്കോ‍ർഡ് ബിഹാർ ഗവർണറായിരുന്ന ഡി.വൈ.പാട്ടീലിനായിരുന്നു. 2014 ഫെബ്രുവരി 15ന് പ്രസംഗം വായിക്കാനെടുത്തത് 5 മിനിട്ട്. രണ്ടു ഖണ്ഡികയേ വായിച്ചുള്ളൂ. ഗവർണറുടെ ആരോഗ്യം മോശമായിരുന്നതിനാൽ അതു വിവാദമായില്ല. കേരളത്തിൽ ഗവർണർ ജ്യോതി വെങ്കിടാചലത്തിന്റെ പേരിലായിരുന്നു ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗത്തിന്റെ റെക്കോർഡ്. ആറാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിൽ ഗവർണറുടെ പ്രസംഗം 6 മിനിട്ടിൽ അവസാനിച്ചു. കരുണാകരനായിരുന്നു അന്ന് മുഖ്യമന്ത്രി.

പ്രസംഗത്തിലെ ഭാഗങ്ങൾ ഹിതകരമല്ലെങ്കിലോ വിവാദങ്ങൾക്ക് കാരണം ആകുമെന്നുണ്ടെങ്കിലോ അത്തരം ഭാഗങ്ങൾ വായിക്കാതെ വിടാൻ ഗവർണർക്ക് സ്വാതന്ത്ര്യമുണ്ട്. പ്രസംഗം പൂർണമായും വായിക്കാതെ ചില ഭാഗങ്ങൾ മാത്രം വായിച്ച് പ്രസംഗം അവസാനിപ്പിക്കാനുള്ള സ്വാതന്ത്ര്യവും ഗവർണർക്കുണ്ട്. ഗവർണർ പ്രസംഗം മുഴുവൻ വായിക്കാതെ സഭയുടെ മേശപ്പുറത്ത് വച്ചാലും അതു മുഴുവൻ അവതരിപ്പിക്കപ്പെട്ടതായി കണക്കാക്കും.

പൊതു തിരഞ്ഞെടുപ്പിനുശേഷം നിയമസഭ ആദ്യമായി സമ്മേളിക്കുമ്പോഴും, തുടർന്നുള്ള വർഷങ്ങളിലെ ആദ്യ സമ്മേളനത്തിലും ഗവർണറുടെ പ്രസംഗത്തോടെ സമ്മേളന നടപടികൾ ആരംഭിക്കണമെന്നാണ് ഭരണഘടനയിൽ പറയുന്നത്. മന്ത്രിസഭ തയാറാക്കി നൽകുന്ന പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുകയാണ് ഗവർണർ ചെയ്യുന്നത്. സർക്കാർ നടപ്പിലാക്കുന്നതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ പദ്ധതികളാകും നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകുക. മന്ത്രിസഭ നൽകുന്ന നയപ്രഖ്യാപന പ്രസംഗം ഗവർണർ അംഗീകരിക്കേണ്ടതുണ്ട്. ഗവർണർക്ക് പ്രസംഗം അവതരിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ രാഷ്ട്രപതിക്കു പകരം സംവിധാനം ഏർപ്പെടുത്താം. വർഷാരംഭത്തിൽ ഗവർണറുടെ പ്രസംഗം ഇല്ലാതെ നിയമസഭ സമ്മേളിച്ചാൽ, നടപടിക്രമങ്ങൾ നിയമപരമായി നിലനിൽക്കില്ല.

ചെന്നൈയിൽ വിദ്യാഭ്യാസ കോൺക്ലേവിനു പോയിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തേണ്ട ഇന്നു രാവിലെയാണു തിരിച്ചെത്തിയത്. ഭൂപതിവ് നിയമഭേദഗതി ബിൽ, നെൽവയൽ തണ്ണീർത്തട നിയമഭേദഗതി ബിൽ എന്നിവയ്ക്കു ഗവർണർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. സർവകലാശാലാ വിഷയത്തിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കുകയും വാഹനം തടയുകയും ചെയ്തശേഷം ഗവർണർ സർക്കാരുമായി കടുത്ത നീരസത്തിലാണ്. കെ.ബി.ഗണേഷ് കുമാറിന്റെയും രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും സത്യപ്രതിജ്ഞാ ചടങ്ങ് രാജ്ഭവനിൽ നടന്നപ്പോൾ മുഖ്യമന്ത്രിയുമായും മറ്റു മന്ത്രിമാരുമായും സംസാരിക്കാൻ ഗവർണർ തയാറായില്ല. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് ഗവർണർ ആവശ്യപ്പെട്ടെങ്കിലും സർക്കാർ നൽകിയില്ല. പ്രധാനമന്ത്രിയെത്തിയ ചടങ്ങിലും ഗവർണറുമായി മുഖ്യമന്ത്രി സംസാരിച്ചില്ല. കടുത്ത എതിർപ്പിലാണെന്നു വ്യക്തമാക്കുന്നതായി ഗവർണറുടെ ഇന്നത്തെ നിലപാട്. എതിർപ്പിനിടയിലും രാജ്ഭവനു നൽകേണ്ട ഫണ്ടുകള്‍ അനുവദിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയിട്ടില്ല. സർക്കാരും ഗവർണരും ഒത്തുകളിക്കുന്നതായാണ് പ്രതിപക്ഷ വിമർശനം.

നയപ്രഖ്യാപന പ്രസംഗത്തിന്റെ കാര്യത്തിൽ നേരത്തേ രണ്ടു തവണ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. ഒന്നാം പിണറായി സർക്കാർ 2020 ജനുവരി 29ന് നടത്തിയ നയപ്രഖ്യാപനത്തിന്റെ തലേന്നും ഗവർണർ വൻ പ്രതിസന്ധി സൃഷ്ടിച്ചു. പൗരത്വ നിയമത്തോടുള്ള കേരളത്തിന്റെ വിമർശനം അടങ്ങുന്ന പ്രസംഗത്തിന്റെ 18–ാം ഖണ്ഡിക വായിക്കില്ലെന്ന് 28ന് അദ്ദേഹം രേഖാമൂലം സർ‍ക്കാരിനെ അറിയിച്ചു. നയപ്രഖ്യാപനത്തിൽ തന്നെ ഒപ്പിടില്ലെന്നു 2022ൽ പ്രഖ്യാപിച്ചു. രണ്ടു തവണയും അവസാനം നിലപാട് മാറ്റി.

മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരം വിയോജിപ്പോടെ പൗരത്വ നിയമത്തെക്കുറിച്ചുള്ള ഭാഗം വായിക്കുകയാണെന്ന് ഗവർണർ അപ്രതീക്ഷിതമായി സഭയിൽ പ്രഖ്യാപിച്ചു. ‘‘ഇനി 18-ാം ഖണ്ഡികയിലേക്കു വരികയാണ്. ഏതാനും ദിവസങ്ങളായി ഞാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിവരികയായിരുന്നു. പ്രസംഗത്തിലെ ഈ ഭാഗം സർക്കാരിന്റെ നയങ്ങളുടെയോ പരിപാടികളുടെയോ ഭാഗമല്ല എന്നാണ് എന്റെ നിലപാട്. എന്നാൽ ഇതു സർക്കാരിന്റെ കാഴ്ചപ്പാടാണെന്നാണു മുഖ്യമന്ത്രി അറിയിച്ചത്. വിയോജിപ്പുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ആഗ്രഹം മാനിച്ച് ഈ ഖണ്ഡിക വായിക്കുകയാണ്’’ – ഗവർണർ പറഞ്ഞു. 2022ൽ സർക്കാരിനെ പ്രതിസന്ധിയിലാക്കിയശേഷം നയപ്രഖ്യാപനത്തിൽ ഒപ്പിട്ടു. മുഴുവൻ പ്രസംഗവും വായിക്കുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe