കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണെന്ന അന്വേഷണ റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളിയതിനെതിരെ പോലീസ് ഡി.എം.ഇയുടെ അധ്യക്ഷതയിലുള്ള സ്റ്റേറ്റ് അപ്പക്സ് അപ്പലറ്റ് അതോറിറ്റിയെ സമീപിക്കും. ഈ കമ്മിറ്റി തള്ളിയാലും കുറ്റപത്രം തയാറാക്കി കോടതിയിൽ സമർപ്പിക്കാൻ പൊലീസിനു കഴിയും. കേസിൽ കൂടുതൽ വിവരങ്ങളും ശേഖരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.വയറിന്റെ എം.ആർ.ഐ നേരിട്ട് എടുക്കാത്തതിനാലും കത്രികയുടെ ഒരുഭാഗം മാംസം വന്നു മൂടിക്കിടക്കുന്നതിനാലും വയറിനുള്ളിലെ കത്രിക കാണാനിടയില്ലെന്നായിരുന്നു മെഡിക്കൽ ബോർഡിലെ റേഡിയോളജിസ്റ്റിന്റെ വാദം. ഏതെങ്കിലും തരത്തിലുള്ള ലോഹവസ്തു ശരീരത്തിനുള്ളിലുണ്ടെങ്കിൽ എം.ആർ.ഐ പരിശോധന നടത്താൻ പറ്റില്ലെന്നു കൊല്ലത്തെ എം.ആർ.ഐ ടെക്നീഷ്യൻ പൊലീസിനു നേരത്തേ മൊഴി നൽകിയിരുന്നു. എം.ആർ.ഐ പരിശോധനക്കു മുമ്പായി മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് ഹർഷിനയുടെ ശരീരമാകെ പരിശോധിച്ചെങ്കിലും ഒരു ലോഹവും കണ്ടെത്താനായില്ലെന്നും മൊഴിയിലുണ്ടായിരുന്നു. കേസ് തെളിയിക്കുന്നതിനാവശ്യമായ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനുള്ള തയാറെടുപ്പിലാണ് പൊലീസ്.
2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. മെഡിക്കൽ കോളജിൽ പ്രസവശസ്ത്രക്രിയ നടത്താൻ 10 മാസം മുമ്പ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയിരുന്ന എം.ആർ.ഐ പരിശോധനയുടെ അടിസ്ഥാനത്തിലാണു പൊലീസ് ഈ നിഗമനത്തിലെത്തിയത്. അന്നത്തെ പരിശോധനയിൽ കാണാത്ത ലോഹവസ്തുവാണ് അഞ്ചു വർഷത്തിനു ശേഷം ശസ്ത്രക്രിയയിലൂടെ ഹർഷിനയുടെ വയറ്റിൽനിന്നു പുറത്തെടുത്തത്. ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് ചികിത്സയിലെ അശ്രദ്ധ ആണെന്നു മെഡിക്കൽ ബോർഡ് യോഗം അംഗീകരിച്ചിട്ടുണ്ട്. പക്ഷേ, നിലവിൽ കമ്മിറ്റി മുമ്പിൽ ലഭ്യമായ തെളിവു പ്രകാരം ഏതു ശസ്ത്രക്രിയക്കിടെയാണു കത്രിക കുടുങ്ങിയതെന്നു തീരുമാനിക്കാൻ സാധ്യമല്ലെന്നാണു റിപ്പോർട്ടിൽ പറയുന്നത്. ഒമ്പതംഗ മെഡിക്കൽ ബോർഡിൽ, അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമീഷണർ കെ. സുദർശനും ഗവ. പ്ലീഡർ എം. ജയദീപും ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.