ഹോട്ടലിൽ തർക്കം: ആക്രമണത്തിൽ സഹോദരങ്ങൾക്ക് ഗുരുതര പരിക്ക്; പ്രധാന പ്രതി അറസ്റ്റിൽ

news image
Sep 28, 2026, 9:24 am GMT+0000 payyolionline.in

തിരുവനന്തപുരം: പെരുമാതുറയിലെ ഹോട്ടലിൽ വച്ച് സഹോദരങ്ങളെ അധിക്ഷേപിക്കുകയും വെട്ടിപ്പരിക്കേല്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. ഇന്നലെ പുലർച്ചെ പെരുമാതുറ സ്വദേശികളായ സദ്ദാം ധാരിക് (29), സഹോദരൻ സദ്ദാം ഹുസൈൻ (31)എന്നിവർക്ക് നേരെ ആക്രമണം നടത്തിയ വെട്ടുതറ സ്വദേശി സ്റ്റീഫനെ(22)യാണ് പൊലീസ് പിടികൂടിയത്. മുതലപ്പൊഴിക്ക് സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളെ അവിടെയുണ്ടായിരുന്ന അഞ്ചംഗ സംഘം അകാരണമായി അസഭ്യം വിളിക്കുകയും അധിക്ഷേപിക്കുകയുമായിരുന്നു. ഇതേക്കുറിച്ച് ചോദ്യം ചെയ്‌തതിൽ പ്രകോപിതരായ പ്രതികൾ മേശപ്പുറത്തിരുന്ന ചായഗ്ലാസ് സദ്ദാം ധാരിക്കിൻറെ തലയ്ക്കടിച്ചു പരിക്കേല്പിച്ചു.

അടി കൊണ്ട് താഴെ വീണ ഇയാളെ ഒന്നാം പ്രതി സ്റ്റീഫൻ വാളുകൊണ്ട് തലയിൽ വെട്ടാൻ ശ്രമിച്ചപ്പോൾ സദ്ദാം ഹുസൈൻ തടയുകയായിരുന്നു. ഇതിനിടെയാണ് സദ്ദാം ഹുസൈൻറെ വലതു കൈക്ക് ഗുരുതരമായി വെട്ടേറ്റത്. അസ്ഥിക്ക് പൊട്ടലുമുണ്ട്. സ്റ്റീഫനും കണ്ടാലറിയാവുന്ന മറ്റ് നാലുപേർക്കെതിരെയാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe