ഹൈക്കോടതി കളമശ്ശേരിയിലേക്ക്; ഉയരുന്നത് വിശാലമായ ജുഡീഷ്യൽ സിറ്റി: മന്ത്രി പി രാജീവ്‌

news image
Feb 4, 2024, 11:24 am GMT+0000 payyolionline.in

കൊച്ചി> കേരള ഹൈക്കോടതി കൂടി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശ്ശേരിയിൽ സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിൽ ധാരണയായെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.  കളമശ്ശേരി കേന്ദ്രമായി ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിനുള്ള തുടർ നടപടികൾക്ക് കൊച്ചിയിൽ ചേർന്ന യോഗം രൂപം നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ജഡ്ജിമാർ, സംസ്ഥാന മന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിലുള്ള സ്ഥല പരിശോധന ഫെബ്രുവരി 17ന് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

കളമശ്ശേരിയിൽ ഇപ്പോൾ കണ്ടെത്തിയിട്ടുള്ള 27 ഏക്കറിന് പുറമേ സ്ഥലം ആവശ്യമുണ്ടെങ്കിൽ അതുകൂടി കണ്ടെത്തുന്നതാണ്. ഹൈക്കോടതിക്കൊപ്പം ജുഡീഷ്യൽ അക്കാദമി, മീഡിയേഷൻ സെന്റർ തുടങ്ങി രാജ്യാന്തര തലത്തിൽ ഉള്ള ആധുനിക സ്ഥാപനങ്ങളും, സംവിധാനങ്ങളും കളമശേരിയിൽ നിർമ്മിക്കും. 60 കോടതികൾ ഉൾക്കൊള്ളുന്ന ഹൈക്കോടതി മന്ദിരമാണ് ആലോചനയിലുള്ളത്. 28 ലക്ഷം ച. അടി വിസ്തീർണ്ണത്തിൽ ഭാവിയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുള്ള സൗകര്യങ്ങളും ദീർഘകാല കാഴ്ചപ്പാടോടെ ഒരുക്കുന്നതായിരിക്കും.

ജഡ്ജിമാരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, സ്റ്റാഫ് ക്വാർട്ടേഴ്സ്, അഭിഭാഷകരുടെ ചേംബർ, പാർക്കിംഗ് സൗകര്യം എന്നിവയും കളമശേരിയിൽ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള ഹൈക്കോടതി, സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നിർമ്മാണത്തെക്കുറിച്ച് ഹൈക്കോടതിയിൽ നിന്ന് നിർദ്ദേശം ഉയർന്നത്. കഴിഞ്ഞ നവംബർ ഒമ്പതിന് തിരുവനന്തപുരത്ത് നടന്ന മുഖ്യമന്ത്രി – ഹൈക്കോടതി ചീഫ് ജസ്റ്റിസ് വാർഷിക യോഗത്തിൽ ഇതു സംബന്ധിച്ച നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe