ഹേമ കമ്മിറ്റി റിപ്പോർട്ട്‌: കേസിൽ മുന്നോട്ട്‌ പോകാൻ ഇരകൾക്ക്‌ താത്‌പര്യമില്ലെങ്കിലും പ്രതികളെ വെറുതെ വിടില്ല; സംസ്ഥാന സർക്കാർ

news image
Nov 16, 2024, 1:53 pm GMT+0000 payyolionline.in

ന്യൂഡൽഹി:ഹേമ കമ്മിറ്റിക്ക്‌ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരകൾക്ക്‌ കേസുമായി മുന്നോട്ട്‌ പോകാൻ താത്‌പര്യമില്ലെങ്കിലും പ്രതികളെ വെറുതെ വിടാൻ സാധിക്കില്ലെന്ന സുപ്രീംകോടതിയിൽ സത്യവാങ്മൂലം ‌ഫയൽ ചെയ്‌ത്‌ സംസ്ഥാനസർക്കാർ. സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് സത്യവാങ്മൂലം ഫയല്‍ ചെയ്‌തത്‌.  ഹേമകമ്മറ്റിയിൽ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നിര്‍മാതാവ് സജിമോന്‍ പാറയിൽ ഹർജി നൽകിയിരുന്നു. കമ്മിറ്റിക്ക്‌ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം കേസ്‌ എടുക്കാൻ സാധിക്കില്ല എന്നതായിരുന്നു സജിമോന്റെ വാദം. എന്നാൽ കുറ്റകൃത്യം നടന്നുവെന്ന്‌ ബോധ്യമായാൽ  കേസ്‌ റജിസ്റ്റർ ചെയ്യാമെന്ന്‌  സർക്കാർ സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്‌മൂലത്തിൽ പറഞ്ഞു.

ഹേമകമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റർ ചെയ്ത 26 കേസുകളിൽ 18 കേസുകളിലെ പ്രതികൾക്കായി അന്വേഷണം നടക്കുന്നതായി സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. എട്ടു കേസുകളിലെ പ്രതികളുടെ പേര് എഫ്‌ഐആറില്‍ രജിസ്റ്റർ ചെയ്‌തതായും  സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe