ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അടിയന്തര പ്രമേയം; അവതരണാനുമതി നിഷേധിച്ച് സ്പീക്കർ, കൗരവ സഭയെന്ന് വി.ഡി സതീശൻ

news image
Oct 11, 2024, 6:56 am GMT+0000 payyolionline.in

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് നിയമസഭ ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ത്രീകളെ ബാധിച്ച വിഷയം ചർച്ച ചെയ്തില്ലാ എന്ന് പറഞ്ഞാൽ, അത് സഭക്ക് നാണക്കേടാണെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

ഹേമ കമ്മിറ്റി റിപ്പോർട്ട് സഭയിൽ ഉന്നയിക്കാൻ കാരണം സ്പീക്കറാണ്. ഈ വിഷയം ചോദ്യമായി താൻ സഭയിൽ നേരത്തെ കൊണ്ടുവന്നിരുന്നു. എന്നാൽ, ചോദ്യമായി കൊണ്ടുവരേണ്ട വിഷയമല്ലെന്നും സബ്മിഷനായി കൊണ്ടുവരേണ്ടതാണും സ്പീക്കർ വ്യക്തമാക്കിയിരുന്നു. അവതരണാനുമതിയില്ലെങ്കിൽ എന്തിനാണ് ചോദ്യം അനുവദിച്ചതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

അടിയന്തര പ്രമേയം സംബന്ധിച്ച് നിരവധി കീഴ്വഴക്കങ്ങൾ സഭയുടെ മുന്നിലുണ്ട്. അനുവദിക്കണോ വേണ്ടയോ എന്ന സ്പീക്കറുടെ വിവേചനാധികാരത്തെ ചോദ്യം ചെയ്യുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ പ്രതിരോധത്തിലാണ്. അതു കൊണ്ടാണ് സഭയിൽ ചർച്ച അനുവദിക്കാത്തത്. സ്പീക്കറുടെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ഹേമ കമ്മിറ്റി റിപ്പോർട്ട് നിയമസഭ ചർച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് പ്രതിപക്ഷത്ത് നിന്ന് കെ.കെ. രമയാണ് അവതരണാനുമതി തേടി നോട്ടീസ് നൽകിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചലച്ചിത്ര മേഖലയിലെ സ്ത്രീകൾക്കെതിരായ ക്രൂരമായ ലൈംഗിക കുറ്റകൃത്യങ്ങളുണ്ടെന്നും എന്നാൽ, സർക്കാർ കേസുമായി മുന്നോട്ടു പോകുന്നില്ലെന്നും ഇത് സമൂഹത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും കെ.കെ രമ നോട്ടീസിൽ ചൂണ്ടിക്കാട്ടിയത്.

എന്നാൽ, അടിയന്തര പ്രമേയത്തിന് അവതരണാനുമതി സ്പീക്കർ എ.എൻ. ഷംസീർ നിഷേധിക്കുകയാണ് ചെയ്തത്. ഹൈകോടതിയുടെ പരിഗണയിലുള്ള വിഷയമായതിൽ അവതരണാനുമതിയില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.

വാക്കൗട്ട് നടത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ നിയമസഭ കൗരവസഭയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. സഭയിൽ ചോദ്യം ചോദിക്കാൻ പോലും അനുവദിക്കുന്നില്ലെന്നും ചോദ്യത്തിന് മറുപടിയില്ലെന്നും സതീശൻ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ സർക്കാറിന് താൽപര്യമില്ല. സർക്കാരും മന്ത്രിയും ലൈംഗിക കുറ്റകൃത്യങ്ങളെ ഒളിച്ചുവെക്കുകയാണ്. ഈ സർക്കാറിനെ സ്ത്രീകൾ എങ്ങനെ വിശ്വസിക്കും. അടിയന്തര പ്രമേയ നോട്ടീസ് ചർച്ച ചെയ്യാത്തത് നിയമസഭക്ക് അപമാനമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe