ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അന്നേ പുറത്തെത്തിയിരുന്നെങ്കില്‍ പല പരാതികളും ഉണ്ടാകുമായിരുന്നില്ല: ജഗദീഷ്

news image
Aug 23, 2024, 2:49 pm GMT+0000 payyolionline.in

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അഞ്ച് വര്‍ഷം മുന്‍പേ പുറത്തെത്തിയിരുന്നെങ്കില്‍ പല പരാതികളും ഉണ്ടാകുമായിരുന്നില്ലെന്ന് അമ്മ വൈസ് പ്രസിഡന്‍റ് കൂടിയായ നടന്‍ ജഗദീഷ്. റിപ്പോര്‍ട്ട് ഇത്രയും നാള്‍ പുറത്തുവിടാതെ വെക്കാന്‍ പാടില്ലായിരുന്നെന്നും ജഗദീഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. “ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും കാലം എന്തുകൊണ്ട് കോള്‍ഡ് സ്റ്റോറേജില്‍ ആയി എന്ന കാര്യത്തില്‍ മതിയായ വിശദീകരണം ലഭിച്ചിട്ടില്ല. വിവരാവകാശ നിയമ പ്രകാരം ഇപ്പോള്‍ പുറത്തുവിടേണ്ട എന്ന് പറഞ്ഞതുകൊണ്ടാണ് റിപ്പോര്‍ട്ട് കോള്‍ഡ് സ്റ്റോറേജില്‍ ആയത് എന്നൊരു വിശദീകരണം ഉണ്ട്. അങ്ങനെയാണെങ്കില്‍ത്തന്നെ റിപ്പോര്‍ട്ട് പുറത്തിറക്കാമായിരുന്നു എന്നും പക്ഷമുണ്ട്. അതിന്‍റെ നിയമവശങ്ങള്‍ പറയാന്‍ ഞാന്‍ ആളല്ല”, ജഗദീഷ് പറയുന്നു

“പക്ഷേ ഇത്രയും നാള്‍ ഇങ്ങനെ വെക്കാന്‍ പാടില്ലായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കും മുന്‍പ് നടന്ന കാര്യങ്ങളെക്കുറിച്ചുള്ള ഒരു സമഗ്ര പഠനം നടന്നതിന് ശേഷം അതിലെ കണ്ടെത്തലുകള്‍ വീണ്ടും അഞ്ച് വര്‍ഷത്തിന് ശേഷം വരുമ്പോള്‍ കാലഹരണപ്പെട്ടു എന്ന് പറയില്ല, വിഷയങ്ങള്‍ക്ക് പ്രസക്തിയുണ്ട്. പക്ഷേ ഇത് അന്ന് തന്നെ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ ഇക്കാലയളവില്‍ ഒരുപാട് കാര്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാവുമായിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് ഇത് പുറത്തിറങ്ങിയിരുന്നെങ്കില്‍ റിപ്പോര്‍ട്ട് തയ്യാറായതിന് ശേഷമുള്ള പരാതികള്‍ ഉണ്ടാകുമായിരുന്നില്ല. ഇപ്പോള്‍ ഒരു ഭയം ഉണ്ട്. ഇങ്ങനെയൊക്കെ വന്നാല്‍ ചോദിക്കാനും പറയാനുമൊക്കെ ഇവിടെ ഒരു സംവിധാനമുണ്ട്, സംഘടനകളുണ്ട്, കോടതിയുണ്ട്, കമ്മിറ്റികള്‍ ഉണ്ടാവും, സര്‍ക്കാര്‍ ഉണ്ടാവും എന്ന ഭയം എല്ലാവരിലും ഉണ്ട്. തെറ്റ് ചെയ്യുന്നവരുടെ മനസില്‍ അത് കൂടുതല്‍ ഉണ്ടാവും”, ജഗദീഷ് പറഞ്ഞ് നിര്‍ത്തുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്‍റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ജഗദീഷ് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടത്. സിദ്ദിഖ് പറഞ്ഞതില്‍ നിന്ന് വേറിട്ട നിലപാടുകളാണ് ജഗദീഷ് മുന്നോട്ട് വച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe