ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: തങ്ങളുടെ പോരാട്ടം ശരിയാണ് എന്ന് തെളിയിച്ചുവെന്ന് ഡബ്യുസിസി

news image
Aug 19, 2024, 2:25 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സിനിമ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പ്രസിദ്ധീകരിക്കാൻ കാരണം  തങ്ങളുടെ നിരന്തരമായ ഇടപെടലാണെന്ന് സിനിമ രംഗത്തെ വനിത കൂട്ടായ്മയായ  ഡബ്യൂസിസി. ഈ റിപ്പോര്‍ട്ട് പുറത്തെത്തിക്കാന്‍ ഏറെ ദൂരം സഞ്ചരിച്ചു. ജസ്റ്റിസ് ഹേമക്കും സംഘത്തിനും നന്ദി
ശുപാർശകൾ നടപ്പാക്കാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നും ഡബ്യൂസിസി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

2017 ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് സിനിമരംഗത്തെ വനിത കൂട്ടായ്മയായ ഡബ്യുസിസി രൂപീകൃതമായത്. ഡബ്യൂസിസിയുടെ നിര്‍ദേശപ്രകാരം കൂടിയാണ് സിനിമ രംഗത്തെ വനിതകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ്.ഹേമയുടെ നേതൃത്വത്തില്‍ കമ്മിറ്റിയെ വച്ചത്.അതേ സമയം ഇന്ന് ഉച്ചയ്ക്ക് ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനിക്ക് വീണ്ടും തിരിച്ചടി ലഭിച്ചിരുന്നു. കേസ് തള്ളിയതിന് പിന്നാലെ സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹ‍ർജി ഫയൽ ചെയ്യാൻ നിർദ്ദേശം നൽകിയ കോടതി, സ്റ്റേ ഉത്തരവ് നൽകാനാവില്ലെന്ന് വ്യക്തമാക്കി.

നിർമ്മാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച അപ്പീൽ ഹർജിയും ഡിവിഷൻ ബെഞ്ചിൻ്റെ മുന്നിലേക്ക് എത്തിയില്ല. ഡിവിഷൻ ബെഞ്ച് സിറ്റിംഗ് ഇല്ലാത്തതാണ് കാരണം. ആക്ടിങ് ചീഫ് ജസ്റ്റിസിനെ ചേംബറിൽ ചെന്ന് കാണാൻ സജിമോനും അഭിഭാഷകനും അനുമതി ഉണ്ടായിരുന്നെങ്കിലും ഇവർ അതിന് തയ്യാറായില്ല.

സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിട്ടിരുന്നു. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്കാണ് റിപ്പോർട്ട് കൈമാറിയത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചവര്‍ക്കാണ് സാംസ്കാരിക വകുപ്പ് റിപ്പോര്‍ട്ട് കൈമാറിയത്. നടി രഞ്ജിനിയുടെ ഹർജി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് സാംസ്കാരിക വകുപ്പ് റിപ്പോ‍ർട്ട് പുറത്തുവിടുമെന്ന് അറിയിപ്പ് കൈമാറിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe