ഹാജര്‍ രേഖപ്പെടുത്താന്‍ പ്ലാസ്റ്റിക് വിരലടയാളം; നാല് പ്രവാസികള്‍ അറസ്റ്റില്‍

news image
Jun 16, 2023, 3:51 am GMT+0000 payyolionline.in

കവൈത്ത് സിറ്റി: ഹാജര്‍ രേഖപ്പെടുത്തുന്ന ഫിംഗര്‍ പ്രിന്റ് മെഷീനുകളില്‍ കൃത്രിമം കാണിച്ചതിന് നാല് പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റിലായി. ഓള്‍ഡ് ജഹ്റ ഹോസ്‍പിറ്റലില്‍ സെക്യൂരിറ്റി ഗാര്‍ഡുമാരായി ജോലി ചെയ്തിരുന്നവരെയാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ നഴ്സിങ് ജീവനക്കാര്‍ക്ക് പ്ലാസ്റ്റിക് വിരലടയാളങ്ങള്‍ ഉപയോഗിച്ച് വ്യാജമായി ഹാജര്‍ രേഖപ്പെടുത്താന്‍ ഇവര്‍ സഹായം നല്‍കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.നഴ്സുമാരില്‍ നിന്ന് പണം വാങ്ങിയായിരുന്നു ഇവരുടെ ‘സഹായമെന്ന്’ കുവൈത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ജീവനക്കാരില്‍ ഒരാള്‍ രഹസ്യമായി അധികൃതരെ വിവരം അറിയിച്ചതാണ് തട്ടിപ്പ് വെളിച്ചത്തു വരാന്‍ വഴിയൊരുക്കിയത്. തുടര്‍ന്ന് തട്ടിപ്പുകാരെ കുടുക്കാന്‍ അന്വേഷണ സംഘം കെണിയൊരുക്കി. വിരലടയാളം ഉപയോഗിച്ച് ഹാജര്‍ രേഖപ്പെടുത്തുന്ന മെഷീനുകളില്‍, പ്ലാസ്റ്റിക് വിരലടയാളം കൊണ്ട് ഹാജര്‍ രേഖപ്പെടുത്തുന്നതിനിടെ ഒരു സെക്യൂരിറ്റി ജീവനക്കാരനെ ഇവര്‍ കൈയോടെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സഹപ്രവര്‍ത്തകരായ മൂന്ന് പേരുടെ പേരുകള്‍ കൂടി ഇയാള്‍ വെളിപ്പെടുത്തിയത്. ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡസന്‍ കണക്കിന് ജീവനക്കാരുടെ വിരലടയാളങ്ങള്‍ ഇവരുടെ കൈവശമുണ്ടായിരുന്നു. ഹാജര്‍ രേഖപ്പെടുത്തുന്നതില്‍ കൃത്രിമം കാണിച്ച എല്ലാ ജീവനക്കാരുടെയും വിവരങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറിയിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe