ഹരിയാന തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് അഭ്യൂഹം; രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ​വിനേഷ് ഫോ​ഗട്ട്

news image
Sep 4, 2024, 8:33 am GMT+0000 payyolionline.in

ദില്ലി: ഹരിയാന തെര‍ഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഗുസ്തി താരം വിനേഷ് ഫോഗട്ട് രാഹുല്‍ ഗാന്ധിയെ കണ്ടു. ആംആദ്മി പാര്‍ട്ടിയുമായുള്ള സീറ്റ് വിഭജന ചര്‍ച്ചപൂര്‍ത്തിയായാല്‍ ഉടന്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും. ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും സജീവമാകുകയാണ്.

ഹരിയാന തെരഞ്ഞടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെയാണ് വിനേഷ് ഫോഗട്ട് രാഹുല്‍ ഗാന്ധിയെ കണ്ടത്. ബജരംഗ് പുനിയയും കൂടിക്കാഴ്ചയിലുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷമെടുത്ത ചിത്രം കോണ്‍ഗ്രസാണ് പുറത്ത് വിട്ടത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശം രാഹുല്‍ വിനേഷിന് മുന്‍പില്‍ വച്ചതായാണ് വിവരം. പുറത്തിറങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടികയില്‍ വിനേഷിന്‍റെ പേരുമുണ്ടാകുമെന്ന അഭ്യൂഹം ശക്തമാണ്.

രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന ആഗ്രഹം അടുപ്പമുള്ളവരോടെ വിനേഷ് പങ്കു വച്ചതായാണ് വിവരം. കര്‍ഷക പ്രതിഷേധത്തില്‍ കഴിഞ്ഞ ദിവസം വിനേഷ് ഫോഗട്ട് പങ്കെടുത്തതും ചര്‍ച്ചയായിട്ടുണ്ട്. അതേ സമയം സഖ്യത്തില്‍ ആംദ്മി പാര്‍ട്ടിയുമായുള്ള ചര്‍ച്ച കോണ്‍ഗ്രസ് തുടരുകയാണ്. ആംആ്ദമി പാര്‍ട്ടിക്ക് കൈകൊടുക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് താല്‍പര്യമില്ലെങ്കിലും സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആംആ്ദമി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയുമായി മൂന്നാം വട്ട ചര്‍ച്ചയിലാണ്.

തൊണ്ണൂറില്‍ 10 സീറ്റ് വേണമെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ നിലപാട്. ഏഴ് വരെയാകാമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അതേ സമയം കശ്മിരിലേക്ക്  പ്രചാരണത്തിനായി നേതാക്കള്‍ നീങ്ങി തുടങ്ങി. രണ്ട് റാലികളില്‍ രാഹുല്‍ ഗാന്ധി ഇന്ന് പങ്കെടുക്കും. അടുത്തയാഴ്ച ജമ്മുവിലും കശ്മീരിലുമായി മൂന്ന് റാലികളില്‍ പ്രധാനമന്ത്രിയും പങ്കെടുക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe