ഹരിതസേനക്കെതിരെ വ്യാജപ്രചാരണം നടത്തുന്നത് സാമൂഹ്യ വിരുദ്ധ പ്രവർത്തനമാണെന്ന് എം.ബി രാജേഷ്

news image
Jan 6, 2023, 3:52 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഏതോ വിവരാവകാശം ലഭിച്ചു എന്ന പേരിൽ ഹരിത കർമസേനക്കെതിരായി വ്യാജ പ്രചാരണം നടത്തുന്നത് ഗുരുതരമായ സാമൂഹ്യ വിരുദ്ധ പ്രവർത്തനമായാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി എം.ബി രാജേഷ്. പിറവം നഗരസഭ കാര്യാലയത്തിന്റെ പുതുതായി നിർമിച്ച അനക്സ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ഇതിനെതിരെ തദേശ സ്വയംഭരണ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ശുചിത്വ കേരളത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ കേരളത്തിന്റെ സേനയാണ് ഹരിത കർമ സേന. ഹരിത കർമസേനയെ നിയോഗിച്ചതും യൂസർ ഫീസ് വാങ്ങുന്നതും സർക്കാർ നിർദേശപ്രകാരമാണ്. ഇതു സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. ഉടൻ തന്നെ ഇത് നിയമമാക്കും.

 

മറ്റു സംസ്ഥാനങ്ങൾക്കെല്ലാം ചേർത്ത് ഹരിത ട്രിബ്യൂണൽ 28,800 കോടി രൂപ പിഴ വിധിച്ചപ്പോൾ കേരളത്തിന് ഒരു ചില്ലിക്കാശ് പോലും പിഴ അടക്കേണ്ടി വന്നിരുന്നില്ല. ഇതിന് പ്രധാന കാരണം ഹരിത കർമ സേനയുടെ പങ്കാണ്. ഇന്ത്യയിലെ നഗരങ്ങളിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന ഏക സംസ്ഥാനമാണ് കേരളം. രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി നിലവിൽ വന്നത് ഇവിടെയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വരുമാനം ഗണ്യമായി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. വരുമാനം വർദ്ധിച്ചാൽ വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങൾക്ക് വഴിയൊരുങ്ങും. ഇതിനായി പെർമിറ്റ് ഫീസ് ഉൾപ്പെടെയുള്ളവയിൽ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പ്, വൈസ് ചെയർമാൻ കെ.പി സലീം, സ്ഥിരം സമിതി അധ്യക്ഷരായ വത്സല വർഗീസ്, ജൂബി പൗലോസ്, ജിൽസ് പെരിയപ്പുറം, ഷൈനി ഏലിയാസ്, അഡ്വ. ബിമൽ ചന്ദ്രൻ, വാർഡ് കൗൺസിലർമാർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe