കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ ദ്വയാർത്ഥപ്രയോഗങ്ങളിലൂടെയും ലൈംഗികമായും അധിക്ഷേപിച്ചുവെന്ന നടി ഹണി റോസിന്റെ പരാതിയിൽ നടപടി ശക്തമാക്കി പൊലീസ്. നടിയുടെ പരാതിയിൽ കുമ്പളം സ്വദേശി ഷാജിയെ ഇന്നലെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ മോശം കമന്റുകൾ ഇട്ട പലരും കമന്റുകൾ ഡിലീറ്റ് ചെയ്ത് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നതായി പൊലീസ് കണ്ടെത്തി.
നടിയുടെ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള ആളുകളുടെ കമന്റുകൾ പരിശോധിക്കുകയാണെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും സെൻട്രൽ ഇൻസ്പെക്ടർ അനീഷ് ജോയി മാധ്യമങ്ങളോട് പറഞ്ഞു. ഹണി നൽകിയ പരാതിയിൽ പൊലീസ് ഇതിനകം 27 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
അതിനിടെ, സമൂഹമാധ്യമങ്ങളിൽ ലൈംഗിക അധിക്ഷേപവും അപകീർത്തിപ്പെടുത്തലും നേരിട്ടതിൽ നിയമനടപടി സ്വീകരിച്ച നടി ഹണി റോസിന് താരസംഘടനയായ ‘അമ്മ’ പിന്തുണ പ്രഖ്യാപിച്ചു. ‘‘ഞങ്ങളുടെ അംഗവും മലയാള സിനിമ അഭിനേത്രിയുമായ ഹണി റോസിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താനും അതുവഴി സ്ത്രീത്വത്തെയും അവരുടെ തൊഴിലിനേയും അപഹസിക്കാനും ചിലർ ബോധപൂർവം നടത്തുന്ന ശ്രമങ്ങളെ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ അപലപിക്കുന്നു.’’– വാർത്താ കുറിപ്പിൽ അമ്മ വ്യക്തമാക്കി. ഈ വിഷയത്തിൽ ഹണി റോസ് നടത്തുന്ന നിയമ പോരാട്ടങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ച അമ്മ അഡ്ഹോക്ക് കമ്മിറ്റി ആവശ്യമെങ്കിൽ നിയമസഹായം നൽകാൻ ഒരുക്കമാണെന്നും വ്യക്തമാക്കി.
നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് താൻ പൊതുവേദിയിൽ എത്തിയിട്ടില്ലെന്നും സ്ത്രീകളെ കുറിച്ച് അസഭ്യവും അശ്ലീലവും പറയുന്ന സമൂഹമാധ്യമങ്ങളിലെ ‘അസഭ്യ, അശ്ലീല ഭാഷാ പണ്ഡിത മാന്യന്മാർക്കു’മെതിരെ താൻ ‘യുദ്ധം പ്രഖ്യാപിക്കുന്നു’ എന്നും ഹണി റോസ് വ്യക്തമാക്കി.