കൊച്ചി: സമൂഹമാധ്യമങ്ങളിലെ അശ്ലീല പ്രചാരണവുമായി ബന്ധപ്പെട്ട് ബോബി ഗ്രൂപ് ഉടമ ബോബി ചെമ്മണൂരിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ സെൻട്രൽ പൊലീസ് കേസെടുത്തു. ലൈംഗികച്ചുവയോടെയുള്ള അശ്ലീല പരാമർശത്തിനെതിരെ ഭാരതീയ ന്യായസംഹിത 75 (4) പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെയുള്ള അശ്ലീല പരാമർശത്തിനെതിരെ ഐ.ടി നിയമം 67 പ്രകാരവുമാണ് കേസെടുത്തത്.
ആഗസ്റ്റ് ഏഴിന് കണ്ണൂർ ആലക്കോട് ബോബി ചെമ്മണൂരിന്റെ ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനുശേഷം പല വേദികളിലും നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയിൽ പറയുന്നുണ്ട്. കൂടാതെ, നടിയുടെ ചിത്രം മോശമായ രീതിയിൽ തമ്പ് നെയ്ൽ ആയി ഉപയോഗിച്ച 20 യുട്യൂബർമാർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.
ബോബി ചെമ്മണൂരിനെതിരെ പരാതി നൽകിയ വിവരം ഹണി റോസ് തന്നെയാണ് സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്. പ്രമുഖ വ്യക്തിയിൽ നിന്ന് കുറേനാളായി നേരിടുന്ന അധിക്ഷേപകരമായ പരാമർശങ്ങൾക്കെതിരെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ നടി കഴിഞ്ഞ ദിവസം കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു.
എന്നാൽ, അപമാനിച്ചയാളുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഈ പോസ്റ്റിന് താഴെ അശ്ലീല കമൻറുകളിട്ടവർക്കെതിരെ നടി പരാതിയും നൽകി. തുടർന്ന് 30 പേർക്കെതിരെ കേസെടുത്ത പൊലീസ് കുമ്പളം സ്വദേശിയെ പിടികൂടുകയും ചെയ്തിരുന്നു. കേസിൽ മൊഴി നൽകാൻ ചൊവ്വാഴ്ച രാവിലെ സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ബോബി ചെമ്മണൂരിനെതിരെ നടി പരാതി നൽകിയത്. വൈകീട്ട് അഞ്ചോടെ സമൂഹമാധ്യമത്തിലൂടെ നടി തന്നെയാണ് പരാതി നൽകിയ വിവരം പുറത്തുവിട്ടത്. ബോബി ചെമ്മണൂരിനോട് താങ്കൾ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു എന്നും അവർ കുറിച്ചിട്ടുണ്ട്.
അതേസമയം, നടി ഹണി റോസ് പരാതി നൽകിയതിന് പിന്നാലെ പ്രതികരണവുമായി ബോബി ചെമ്മണ്ണൂർ രംഗത്തെത്തി. തെറ്റായ ഉദ്ദേശ്യത്തോടെ ഒന്നും പറഞ്ഞിട്ടില്ലെന്നും നടി ഇപ്പോൾ പരാതി നൽകാനുണ്ടായ സാഹചര്യം അറിയില്ലെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി.
‘മാസങ്ങൾക്ക് ഒരു ഉദ്ഘാടന സമയത്ത് ഹണിറോസിനെ മഹാഭാരതത്തിലെ കുന്തീദേവിയോട് ഉപമിച്ചിരുന്നു. അതിൽ ആസമയത്ത് പരാതിയൊന്നും പറഞ്ഞിരുന്നില്ല. ഇപ്പോൾ കേസ് നൽകാനുണ്ടായ സാഹചര്യം അറിയില്ല. തെറ്റായ ഒരു ഉദ്ദേശ്യവും തനിക്കുണ്ടായിരുന്നില്ല.
കുന്തീദേവി എന്ന് പറഞ്ഞാൽ മോശമായ കാര്യമൊന്നും അല്ല. വാക്കുകളെ പലരും സമൂഹ മാധ്യമങ്ങളിലൂടെ ചിലർ മറ്റൊരു രീതിയിൽ പ്രചരിപ്പിച്ചതാണ്. ഉദ്ഘാടന ചടങ്ങിനെത്തിയാൽ ആഭരണം അണിയിക്കാറുണ്ട്. കൂടെ ഡാൻസ് കളിക്കാറുണ്ട്. മാർക്കറ്റിങ്ങിന്റെ ഭാഗമായി ചെയ്യുന്നതാണ്. ഇതിലൊന്നും ഇതുവരെ അവർക്ക് പരാതി ഉണ്ടായിരുന്നില്ല. ഇപ്പോൾ പരാതി നൽകാനുള്ള സാഹചര്യം എന്താണെന്ന് അറിയില്ല’ -ബോബി ചെമ്മണ്ണൂർ പ്രതികരിച്ചു.