കൊച്ചി: നടി ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ കമന്റുകളിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം പനങ്ങാട് സ്വദേശിയായ ഷാജി ആണ് അറസ്റ്റിലായത്. ഹണി റോസിന്റെ പരാതിയിലാണ് നടപടി. സംഭവത്തില്‍ 30 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കൊച്ചി പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. ഐടി വകുപ്പടക്കം ചുമത്തിയിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രിയാണ് ഹണി റോസ് കൊച്ചി പൊലീസിൽ പരാതി നൽകിയത്. പിന്നാലെ 30 പേർക്കെതിരെ പൊലീസ് കേസ് എടുക്കുകയായിരുന്നു. ഇവരുടെ കമന്റുകൾ സഹിതമായിരുന്നു നടി പരാതി നൽകിയത്. പിന്നാലെ സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരുടെ ലൊക്കേഷൻ പൊലീസ് കണ്ടെത്തുകയും ആദ്യ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഷാജിയെ വൈകാതെ സെൻട്രൽ സ്റ്റേഷനിൽ എത്തിച്ച് തുടർ നടപടികൾ ഉദ്യോഗസ്ഥർ സ്വീകരിക്കും.