കോഴിക്കോട് : മലപ്പുറം തിരൂരിൽനിന്നു കാണാതായ വ്യാപാരി, കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിന്റേതെന്നു (58) സംശയിക്കുന്ന മൃതദേഹ ഭാഗങ്ങളുടെ പോസ്റ്റുമോർട്ടം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തും. അട്ടപ്പാടി ചുരംവളവിൽനിന്ന് കണ്ടെടുത്ത മൃതദേഹഭാഗങ്ങൾ കോഴിക്കോടെത്തിച്ചു. പ്രതി ആഷിക്കുമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ചെന്നൈയിൽ പിടിയിലായ ഷിബിലിയെയും (22) ഫർഹാനയെയും (18) വൈകിട്ട് തിരൂരിൽ എത്തിക്കും.
സിദ്ദീഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടൽ ഡി കാസയിൽ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ട്രോളിബാഗിൽ അട്ടപ്പാടി ചുരംവളവിൽ ഉപേക്ഷിക്കുകയായിരുന്നു. സിദ്ദീഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി. ഷിബിലിയുടെ സുഹൃത്താണ് ഫർഹാന. ഫർഹാനയുടെ സുഹൃത്താണ് ചിക്കു എന്ന ആഷിക്ക്. ഹോട്ടലിലെ മേൽനോട്ടക്കാരനായിരുന്നു ഷിബിലിയെന്നാണ് വിവരം. രണ്ട് ആഴ്ച മാത്രമാണ് ഷിബിലി ഹോട്ടലിൽ ജോലി നോക്കിയത്. ഇതിനിടെ മറ്റ് തൊഴിലാളികൾ ഷിബിലിയുടെ പെരുമാറ്റ ദൂഷ്യത്തെപ്പറ്റി പരാതിപ്പെട്ടിരുന്നു.
ഷിബിലിക്കു കുറച്ചു ദിവസത്തെ ശമ്പളം നൽകാനുണ്ടായിരുന്നു. അതു കൊടുത്ത് അവരെ കടയിൽനിന്ന് ഒഴിവാക്കുകയായിരുന്നുവെന്നാണ് സിദ്ദീഖിന്റെ കുടുംബത്തിന്റെ ഭാഷ്യം. കൊലയ്ക്ക് പിന്നിൽ വ്യക്തിപരമായ കാരണമെന്നാണ് നിഗമനമെന്ന് മലപ്പുറം എസ്പി പറഞ്ഞു. ഹണിട്രാപ്പ് ഉണ്ടോ എന്നതിൽ വ്യക്തതയില്ല. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യും. മൂവരും തമ്മിലുള്ള ബന്ധത്തില്‍ ദുരൂഹതയുണ്ട്. കൊല നടന്നത് ഈ മാസം 18നും 19നും ഇടയിലാണെന്നും മൂന്നുപേർക്കും കൊലയിൽ പങ്കുണ്ടെന്നും എസ്പി വ്യക്തമാക്കി.
കഴിഞ്ഞ 18ന് സിദ്ദീഖിനെ കാണാതായിരുന്നു. 22ന് സിദ്ദീഖിന്റെ മകന്‍ പൊലീസില്‍ പരാതി നൽകി. സിദ്ദീഖിനെ കാണാതായതിനു പിന്നാലെ അക്കൗണ്ടിൽനിന്ന് തുടർച്ചയായി പലയിടങ്ങളിൽനിന്നായി പണം പിൻവലിച്ചിരുന്നു. ഇതിൽ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണുള്ളതെന്ന് കണ്ടെത്തി. ഇത് ഷിബിലി, ആഷിക്ക്, ഫർഹാന എന്നിവരാണെന്നാണ് വിവരം. കോഴിക്കോട്, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിന്നാണ് പണം പിൻവലിച്ചത്. ആഷിക്കിന്റെ സാന്നിധ്യത്തിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഫർഹാനയുടെ പ്രേരണയിലാണ് ആഷിക്ക് കൊലപാതകത്തിന്റെ ഭാഗമായതെന്നാണ് സൂചന. കൂടുതൽ പേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.