സർവകലാശാല വിസിമാർ 24ന് ഹാജരാകണമെന്ന് ഗവർണർ; കേരള വിസി ഗവർണർക്ക് റിപ്പോർട്ട് നൽകി

news image
Feb 21, 2024, 2:57 pm GMT+0000 payyolionline.in

തിരുവനന്തപുരം∙ കോടതി നിർദേശപ്രകാരം പുറത്താക്കാൻ നോട്ടിസ് നൽകിയ കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റൽ, ഓപ്പൺ സർവകലാശാല വിസിമാരെ ഗവർണർ ഈ മാസം 24ന് ഹിയറിങ്ങിനു ക്ഷണിച്ചു. വിസിമാരോ, അവർ  ചുമതലപ്പെടുത്തുന്ന അഭിഭാഷകർക്കോ ഹിയറിങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്.

ഗവർണർ വീണ്ടും ഹിയറിങ് നടത്താൻ നിർദേശിച്ച കോടതി ഉത്തരവ് ചോദ്യം ചെയ്‌ത്‌ സംസ്കൃത സർവകലാശാല വിസി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ഫയൽ ചെയ്തെങ്കിലും അപ്പീൽ ഫയലിൽ സ്വീകരിക്കാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. പിഴ ഈടാക്കേണ്ടി വരുമെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടതിനെതുടർന്ന് അദ്ദേഹം അപ്പീൽ പിൻവലിക്കുകയായിരുന്നു.  24ന് തനിക്കോ തന്റെ അഭിഭാഷകനോ ഹിയറിങിനു പങ്കെടുക്കുവാൻ അസൗകര്യമുണ്ടെന്ന് കാണിച്ച്  സംസ്‌കൃത വിസി ഗവർണറുടെ സെക്രട്ടറിക്ക് കത്ത് നൽകിയിരിക്കുകയാണ്. ഹിയറിങ് യാതൊരു കാരണവശാലും മാറ്റില്ല എന്ന് അറിയിച്ച ഗവർണറുടെ ഓഫിസ് ഓൺലൈനായി പങ്കെടുക്കാൻ നിർദ്ദേശിച്ചു.

കാലിക്കറ്റ്‌ വിസി നിയമനത്തിന്റെ സേർച്ച്‌ കമ്മിറ്റിയിൽചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും സംസ്കൃത സർവകലാശാലയിൽ പാനലിനു പകരം ഒരു പേര് മാത്രം സമർപ്പിച്ചതും, ഓപ്പൺ ഡിജിറ്റൽ സർവകലാശാലകളിൽ വിസി മാരെ യുജിസി പ്രതിനിധി കൂടാതെ ആദ്യ വിസിമാർ എന്ന നിലയിൽ സർക്കാർ നേരിട്ട് നിയമിച്ചതുമാണ് വിസി പദവി  അയോഗ്യമാകാൻ കാരണമായി ഗവർണർ നോട്ടിസ് നൽകിയത്. ഗവർണർ നോട്ടിസ് നൽകിയിരുന്ന കേരള,  എംജി, കുസാറ്റ്, മലയാളം, വിസിമാർ കാലാവധി പൂർത്തിയാക്കി വിരമിച്ചു. കെടിയു, കണ്ണൂർ, ഫിഷറീസ് വിസിമാർക്ക് കോടതിവിധി പ്രകാരം പദവി നഷ്ടപ്പെട്ടു.

കേരള വിസി ഗവർണർക്ക് റിപ്പോർട്ട് നൽകി

ഇതിനിടെ ഗവർണറുടെ നിർദ്ദേശപ്രകാരം സേർച്ച്‌ കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിന് കേരള വിസി വിളിച്ചു ചേർത്ത സെനറ്റ് യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പ്രോ ചാൻസലർ എന്ന നിലയിൽ യോഗത്തിൽ ആധ്യക്ഷo വഹിച്ചത് സംബന്ധിച്ച് കേരള വിസി ഡോ.മോഹൻ കുന്നുമ്മൽ ബുധനാഴ്ച ഗവർണറെ നേരിൽ കണ്ട് റിപ്പോർട്ട് നൽകി. ഗവർണർ ആവശ്യപ്പെട്ടതനിസരിച്ചാണ് വിസി റിപ്പോർട്ട്‌ നൽകിയത്.

സർവകലാശാലാ നിയമപ്രകാരം വൈസ് ചാൻസലറാണ് യോഗത്തിൽ അധ്യക്ഷത വഹിക്കേണ്ടതെന്ന് മന്ത്രിയെ അറിയിച്ചിട്ടും മന്ത്രി യോഗനടപടികൾ ആരംഭിച്ചതായി വിസി ഗവർണറെ അറിയിച്ചു. അജണ്ടയിൽ ഇല്ലാത്ത പ്രമേയം പാസായതായി യോഗത്തിൽ മന്ത്രി വ്യക്തമാക്കി. യോഗത്തിൽ പ്രതിപക്ഷ സെനറ്റ് അംഗങ്ങൾ  രണ്ടു പേരുകൾ സേർച്ച് കമ്മിറ്റിയിലേക്കു നിർദ്ദേശിച്ചതായും വിസി ഗവർണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. നിർദ്ദേശിച്ച പ്രതിനിധികളുടെ  പേരുകൾ ഗവർണർ സ്വീകരിക്കാൻ സാധ്യതയില്ല.

വിസി അധ്യക്ഷത വഹിക്കേണ്ട യോഗത്തിൽ ചാൻസലറുടെ അനുമതി കൂടാതെ മന്ത്രി അധ്യക്ഷത വഹിച്ചത് ക്രമവിരുദ്ധമാണെന്നും, ഗവർണറുടെ അനുമതി കൂടാതെ സെനറ്റ് യോഗത്തിൽ അധ്യക്ഷത വഹിക്കാൻ പാടില്ലെന്നും മന്ത്രിയെ ഗവർണർ അറിയിക്കുമെന്നറിയുന്നു.  മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സെനറ്റ് യോഗം റദ്ദാക്കാനും ആക്കാനും സാധ്യതയുണ്ട്. പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിന് സ്പെഷൽ സെനറ്റ് യോഗം ചേരാൻ വിസിക്ക് നിർദ്ദേശം നൽകിയേക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe