തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപവീതം നൽകും. ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2750 രൂപ നൽകുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ വിരമിച്ചവർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ നൽകും.
സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് 6000 രൂപയാണ് അഡ്വാൻസ് ലഭിക്കുക. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ, സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാവിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവബത്ത ലഭിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണക്കാലത്ത് പ്രത്യേക സഹായം എത്തുക.