കോഴിക്കോട്: മൂന്നുദിവസത്തെ വിലവർധനക്ക് ശേഷം സ്വർണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 30രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8,020 രൂപയും പവന് 64,160 രൂപയുമായി.
ഇന്നലെ പവന് 80 രൂപ വർധിച്ച് 64,400 രൂപയും ഗ്രാമിന് 10 രൂപ വർധിച്ച് 8050 രൂപയുമായിരുന്നു. മാർച്ച് അഞ്ചിലെ വിലയായ 64,520 രൂപയാണ് ഈ മാസത്തെ ഉയർന്ന വില. തുടർന്നുള്ള ദിവസങ്ങൾ വില ഇടിഞ്ഞതിന് ശേഷം ശനി, തിങ്കൾ ദിവസങ്ങളിൽ വില വർധിച്ചിരുന്നു.
അതിനിടെ, ഏറെ നാളായി വ്യത്യസ്ത വില പ്രഖ്യാപിച്ചിരുന്ന ഇരുവിഭാഗം സ്വർണവ്യാപാരി സംഘടനകളും കഴിഞ്ഞ രണ്ടുദിവസമായി ഒരേ വിലയാണ് നിശ്ചയിക്കുന്നത്. കേരളത്തിലെ സ്വർണ വ്യാപാരികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) തെറ്റിപ്പിരിഞ്ഞ് രണ്ട് വിഭാഗമായതോടെയാണ് ദിവസവും വ്യത്യസ്ത വില പ്രഖ്യാപിച്ചു തുടങ്ങിയത്. എസ്. അബ്ദുൽ നാസർ, സുരേന്ദ്രൻ കൊടുവള്ളി എന്നിവർ നേതൃത്വം നൽകുന്ന സംഘടനയും ബി. ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡന്റുമായുള്ള സംഘടനയുമാണ് നിലവിലുള്ളത്. ഇരുവരും ഒരേ പേരാണ് ഉപയോഗിക്കുന്നത്.
തങ്ങൾ അന്താരാഷ്ട്ര സ്വർണ വിലനിലവാരവും ഡോളർ-രൂപ വിനിമയ മൂല്യവും അനുസരിച്ചാണ് വില നിശ്ചയിക്കുന്നതെന്നും ആ രീതി തന്നെ തുടരുമെന്നും എ.കെ.ജി.എസ്.എം.എ ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ ‘മാധ്യമം ഓൺലൈനി’നോട് പറഞ്ഞു. അതേസമയം, ഇനിമുതൽ സംസ്ഥാനത്ത് സ്വർണത്തിന് ഒറ്റ വിലയായിരിക്കുമെന്ന് ഭീമ ഗ്രൂപ് ചെയർമാനും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ചെയർമാനുമായ ഡോ. ബി. ഗോവിന്ദൻ വ്യക്തമാക്കി. സ്വർണ വ്യാപാരികളുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സ്വർണത്തിന് ഒരു വില ആക്കാനുള്ള ശ്രമം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ചെറുകിട ഇടത്തരം വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ യോജിച്ച തീരുമാനം ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര അധ്യക്ഷത വഹിച്ചു.
തിയതി | വില |
മാർച്ച് 1 | 63,520 |
മാർച്ച് 2 | 63,520 |
മാർച്ച് 3 | 63,520 |
മാർച്ച് 4 | 64,080 |
മാർച്ച് 5 | 64,520 |
മാർച്ച് 6 | 64,160 |
മാർച്ച് 7 | 63,920 |
മാർച്ച് 8 | 64,320 |
മാർച്ച് 9 | 64,320 |
മാർച്ച് 10 | 64,400 |