സ്വർണവില കുത്തനെ താഴേക്ക്; വില കുറച്ചത് ബജറ്റിന് തൊട്ടു പിന്നാലെ, പവന്റെ വില അറിയാം

news image
Jul 23, 2024, 9:22 am GMT+0000 payyolionline.in

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ച പ്രഖ്യാപനം വന്നതോടെ സംസ്ഥനത്ത് സ്വർണവില കുത്തനെ താഴേക്ക്. ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്നും 6 ശതമാനമാക്കി ധനമന്ത്രി കുറച്ചു. സ്വർണാഭരണ വ്യാപാര മേഖലയിൽ മണിക്കൂറുകൾക്കുള്ളിൽ ഇത് പ്രതിഫലിച്ചിരിക്കുകയാണ്. ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ പവന് 2000  രൂപയുടെ ഇടിവാണ് ഉണ്ടായത്.

കഴിഞ്ഞ ബുധനാഴ്ച 55,000  എന്ന റെക്കോർഡ് വിലയിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. എന്നാൽ നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭം എടുത്തതോടെ വില കുറഞ്ഞിരുന്നു. ആറ് ദിവസങ്ങൾക്കുള്ളിൽ  1,040 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതായി പ്രഖ്യാപിച്ചത് വിലയിൽ വലിയ വ്യത്യാസം ഉണ്ടാക്കിയിരിക്കുകയാണ്. പുതുക്കിയ വില അനുസരിച്ച് 22 കാരറ്റ് വരുന്ന ഒരു പവൻ സ്വർണത്തിന്റെ വില 51,960 രൂപയാണ്.

കേന്ദ്ര ബജറ്റിൽ സ്വർണാഭരണ വ്യാപാരികൾ മുന്നോട്ട് വെച്ച പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇറക്കുമതി നികുതി കുറയ്ക്കണം എന്നുള്ളത്. ഇതിലൂടെ സ്വർണ കള്ളക്കടത്ത് കുറയ്ക്കാനാകുമെന്നും വ്യാപാരികൾ പറഞ്ഞിരുന്നു. ഒരു കിലോ സ്വർണം കള്ളക്കടത്തായി കൊണ്ടുവരുമ്പോൾ ഏകദേശം 9 ലക്ഷം രൂപയിൽ അധികമാണ് കള്ളക്കടത്തുകാർക്ക് ലഭിക്കുന്നത്. സ്വർണ്ണത്തിൻറെ വിലവർധനവു കൂടിയായപ്പോൾ കള്ളക്കടത്ത്കാർക്ക് ലാഭം വർദ്ധിക്കുന്നു. ഇതിനൊരു പരിഹാരമാണ് ഇറക്കുമതി നികുതി കുറയ്ക്കുക എന്നുള്ളതായിരുന്നു വ്യാപാരികളുടെ ആവശ്യം.

കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ ആകെ കുറഞ്ഞത് 2040  രൂപയാണ്. ഇത് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുകയും സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്തുകയും ചെയ്യും. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,495 രൂപയാണ് വില.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe