സ്വര്‍ണക്കടത്ത് വിചാരണ ബെംഗളൂരുവിലേക്ക് മാറ്റരുത്; കേരളം സുപ്രീം കോടതിയിൽ

news image
Oct 1, 2022, 8:04 am GMT+0000 payyolionline.in

തിരുവനന്തപുരം : നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ കേസ് ബെംഗളൂരുവിലേക്കു മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ട്രാൻസ്ഫർ ഹർജിക്കെതിരെ കേരളം സുപ്രീം കോടതിയിൽ. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു ഐഎഎസാണ് കോടതിയെ സമീപിച്ചത്. ഒക്ടോബർ പത്തിനാണ് ഇഡിയുടെ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. വിചാരണ ബെംഗളൂരുവിലേക്കു മാറ്റണമെന്ന് ജൂലൈയിലാണ് ഇഡി ആവശ്യപ്പെട്ടത്.

 

 

ഇഡി ഫയൽ ചെയ്ത ട്രാന്‍സ്ഫർ പെറ്റീഷനിൽ സരിത്, സന്ദീപ്, സ്വപ്ന എന്നിവരാണ് എതിർകക്ഷികൾ. സംസ്ഥാന സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് കേസിൽ കക്ഷി ചേരാൻ സർക്കാർ അപേക്ഷ നൽകിയത്. വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റാൻ തക്കതായ കാരണങ്ങൾ ചൂണ്ടിക്കാട്ടാൻ ഇഡിക്കു കഴിഞ്ഞിട്ടില്ലെന്ന് കേരളം ഹർജിയിൽ ചൂണ്ടിക്കാട്ടി. വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റിയാൽ അത് സംസ്ഥാനത്തെ ഭരണ നിർവഹണത്തെയും ജുഡീഷ്യറിയുടെ വിശ്വാസ്യതയെയും ബാധിക്കുമെന്നും കേരളം ചൂണ്ടിക്കാട്ടി.

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതായി ഇഡി സുപ്രീംകോടതിയിൽ ഫയൽ ചെയ്ത പെറ്റീഷനിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, സംസ്ഥാന സർക്കാരിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അംഗീകരിച്ചാൽ തന്നെ വിചാരണ ബെംഗളൂരുവിലേക്കു മാറ്റാൻ തക്കതായ കാരണമല്ലെന്നു കേരളം സുപ്രീംകോടതിയിൽ സമർപിച്ച പെറ്റീഷനിൽ പറയുന്നു.

കേസിൽ കക്ഷികളാകാത്ത ഉന്നത രാഷ്ട്രീയ നേതാക്കൾക്കെതിരെയാണ് ഇഡി ആരോപണം ഉന്നയിക്കുന്നത്. കേസ് അട്ടിമറിക്കപ്പെടുമെന്ന സാങ്കൽപിക ആശങ്കയാണ് ഇഡിക്ക്. ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ സംസ്ഥാന സർക്കാർ തടസ്സപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യാൻ വിളിപ്പിച്ച മന്ത്രിമാരും ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. അന്വേഷണ ഏജൻസികളുടെ പ്രവർത്തനം കേരളത്തിന്റെ വികസന പദ്ധതികളെ ബാധിച്ചിട്ടുണ്ട്.

തെളിവുകളില്ലാതെയാണ് മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ സ്വപ്ന സുരേഷ് ആരോപണം ഉന്നയിക്കുന്നത്. സ്വപ്നയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് ബെംഗളൂരുവിലേക്കു മാറ്റാൻ ഇഡി സുപ്രീംകോടതിയെ സമീപിച്ചതെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe