തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷിയായി. ഇതുസംബന്ധിച്ച പ്രതിയുടെ അപേക്ഷ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. പ്രതിയുടെ ആവശ്യം പ്രോസിക്യൂഷൻ എതിർക്കുകയും ചെയ്തില്ല.
ചൊവ്വാഴ്ച പഞ്ചാബ് സ്വദേശിയായ സച്ചിന്റെ മൊഴി രേഖപ്പെടുത്തും. സ്വപ്നക്ക് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയെന്നാണ് സച്ചിനെതിരെ ചുമത്തിയ കുറ്റം. കേസുമായി ബന്ധപ്പെട്ട് ഇനി സ്വപ്ന സുരേഷ് മാത്രമാണ് പ്രതിയായുണ്ടാവുക.
സ്പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ചാണ് പൊലീസ് കേസെടുത്തത്. മുംബൈ ആസ്ഥാനമായ ബാബ സാഹിബ് അംബേദ്കര്‍ സര്‍വകലാശാലയുടെ പേരിലാണ് സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. 2017ൽ സ്വപ്നയ്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന പ്രതിയായപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞത്.