സ്വപ്ന തീരത്ത് സാൻ ഫെർണാണ്ടോ; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഇന്ന്, മുഖ്യമന്ത്രി കപ്പലിനെ സ്വീകരിക്കും

news image
Jul 12, 2024, 4:00 am GMT+0000 payyolionline.in
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാൻ ഫ‍ർണാണ്ടോ കപ്പലിനെ സ്വീകരിക്കും. ക്യാപ്റ്റനും സ്വീകരണമുണ്ടാകും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയാകും. ഓദ്യോഗിക ചടങ്ങിന് ശേഷം ബാക്കി കണ്ടെയ്നറുകൾ ഇറക്കി സാൻ ഫെർണാണ്ടോ വൈകീട്ടോടെ വിഴിഞ്ഞം തീരം വിടും.

ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിൽ കോൺഗ്രസിന് എതിർപ്പുണ്ട്. മുൻ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനും ചടങ്ങിലേക്ക് ക്ഷണമില്ല. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധമുണ്ടെങ്കിലും യുഡിഎഫ് ചടങ്ങ് ബഹിഷ്കരിക്കില്ല. പദ്ധതി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ചുകൊണ്ട് ജില്ലാകേന്ദ്രങ്ങളില്‍ പ്രകടനം നടത്തും. എന്നാൽ പുനരധിവാസ പാക്കേജ് ഇടതുസര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് ആരോപിച്ച് സ്ഥലം എംപി ശശി തരൂര്‍ ചടങ്ങില്‍ പങ്കെടുക്കില്ല. ഓദ്യോഗിക ക്ഷണമില്ലെന്ന് ചൂണ്ടിക്കാട്ടി ലത്തീൻ അതിരൂപത പ്രതിനിധികളും ചടങ്ങിലേക്ക് എത്തില്ല.

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുമ്പോള്‍ പ്രതിപക്ഷത്തെ അവഗണിച്ചെന്ന ആരോപണം കടുപ്പിക്കുന്നതിനൊപ്പം, പദ്ധതി യുഡിഎഫിന്‍റെ കുഞ്ഞാണെന്നും പറഞ്ഞുവയ്ക്കുന്നു യുഡിഎഫ് നേതാക്കള്‍. ഉമ്മന്‍ചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയിലാണ് പദ്ധതി തീരമണിഞ്ഞതെന്ന് വി ഡി സതീശന്‍ ഇന്നലെ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പേര് തുറമുഖത്തിന് നല്‍കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു. പദ്ധതി പൂർത്തിയായതിൽ ഏറ്റവും സന്തോഷിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ ആത്മാവെന്ന് രമേശ് ചെന്നിത്തല അവകാശപ്പെട്ടു. പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലി തർക്കിക്കാം പക്ഷേ മാതൃത്വം ഉമ്മൻ ചാണ്ടി സർക്കാരിനെന്ന് മുന്‍മന്ത്രി കെ ബാബു പ്രതികരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe