സ്വത്ത് തര്‍ക്കം; ഭർതൃസഹോദരങ്ങളുടെ അടിയേറ്റ് യുവതി കൊല്ലപ്പെട്ട സംഭവം, പ്രധാന പ്രതികള്‍ പിടിയില്‍

news image
Jul 25, 2023, 5:17 am GMT+0000 payyolionline.in

തിരുവനന്തപുരം: ലീനാമണി കൊലക്കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതികളെ പൊലീസ് പിടികൂടി. ഒന്നാം പ്രതി അയിരൂർ കളത്തറ ഷഹാന മൻസിലിൽ ഷാജി (46), രണ്ടാം പ്രതി അയിരൂർ എസ്.എൻ വില്ലയിൽ അബ്ദുൽ അഹദ് (41) എന്നിവരെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ സ്ക്വോഡുകൾ രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്. മൂന്നാം പ്രതി മുഹ്‌സിൻ ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

 

കേസിലെ നാലാം പ്രതിയും അഹദിന്റെ ഭാര്യയുമായ ഇടവ സ്വദേശിനി റഹീന നേരത്തെ റിമാൻഡ് ചെയ്തിരുന്നു. ഭർതൃസഹോദരങ്ങളുടെ അടിയേറ്റ് ജൂലായ് 16 ന് രാവിലെയാണ് 54കാരിയായ ലീനാമണി കൊല്ലപ്പെട്ടത്. ലീനാമണിയെ വീട്ടിൽ നിന്ന് ഇറക്കി വിടുന്നതിനും സ്വത്തുക്കൾ കൈക്കലാക്കാനും പ്രതികൾ നിരന്തരം ശ്രമിച്ചിരുന്നു. ഇത് സംബന്ധിച്ച് കോടതിയിലും അയിരൂർ പൊലീസിലും ലീനാമണി നിരവധി പരാതികളും നൽകിയിരുന്നു.

കൊല്ലപ്പെടുന്നതിന് നാല്പത് ദിവസം മുൻപ് ഭർത്യസഹോദരൻ അഹദും ഭാര്യ റഹീനയും ലീനാമണിയുടെ വീട്ടിൽ അതിക്രമിച്ചു കയറി താമസിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഇവരിൽ നിന്നും ശാരീരികവും മാനസികവുമായ പീഡനം ലീനാമണിക്ക് നേരിടേണ്ടി വന്നു. സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ഇടക്കാല സംരക്ഷണ ഉത്തരവ് നേടുകയും ചെയ്തിരുന്നു. മേലിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കരുത് എന്ന് താക്കീത് നൽകി പൊലീസ് സംരക്ഷണ ഉത്തരവിന്റെ പകർപ്പ് അഹദിന് കൈമാറിയതിന്റെ തൊട്ടടുത്ത ദിവസമാണ് ലീനാമണി ക്രൂരമായി കൊല ചെയ്യപ്പെടുന്നത്.

ലീനാമണിയുടെ സഹായി തമിഴ്നാട് സ്വദേശിനി സരസു കേസിൽ ദൃക്‌സാക്ഷിയാണ്. എല്ലാ സ്വത്തും നൽകാമെന്നും ജീവനായി ലീനാമണി കെഞ്ചിയിട്ടും ഭർത്യ സഹോദരങ്ങൾ യാതൊരു ദയവും കാണിക്കാതെ ക്രൂരമായി മർദ്ധിച്ചുവെന്ന് സരസു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഫോറൻസിക് ഉദ്യോഗസ്ഥർ ലീനാമണിയുടെ വീട്ടിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിക്കുകയും മർദ്ധിക്കാനുപയോഗിച്ച ഇരുമ്പ് പട്ട കണ്ടെടുക്കുകയും ചെയ്തിരുന്നു . ലീനാമണിയുടെ ഭർത്താവ് സിയാദ് എന്ന് വിളിക്കുന്ന എം.എസ് ഷാൻ ഒന്നരവർഷം മുന്‍പ് മരിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe