മലപ്പുറം: കഴുത്തിൽ പരാതികളും രേഖകളും സഞ്ചിയിലാക്കി തൂക്കിയിട്ട് പഞ്ചായത്ത് ഓഫീസിൽ റസാഖ് പയമ്പ്രോട്ടിന്‍റെ ആത്മഹത്യ നാടിന് തീരാ നോവാകുന്നു. മക്കളില്ലാത്ത ഇദ്ദേഹത്തിന്റെ സ്വത്ത് മുഴുവൻ ഇ.എം.എസ് അക്കാദമിക്കും ഭൗതിക ശരീരം മെഡിക്കൽ കോളജിനും വേണ്ടി എഴുതിവെച്ച വ്യക്തിയാണ് റസാഖ്. ഇടതു അനുയായി ആയിരുന്ന റസാഖ് ഒടുവില്‍ പഞ്ചായത്തിനോട് കലഹിച്ച് ജീവിതം ഒരു കയർത്തുമ്പിൽ തീർത്തപ്പോള്‍ നാടാകെ ദുഃഖത്തിലായി. ഏറെ നാളായി താനുന്നയിക്കുന്ന പരാതികളും രേഖകളുമെല്ലാം കഴുത്തിൽ സഞ്ചിയിലാക്കി തൂക്കിയാണ് മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ മൊയിൻ കുട്ടി വൈദ്യർ സ്മാരക സമിതി മുൻ സെക്രട്ടറി റസാഖ് പയമ്പ്രോട്ട് തൂങ്ങി മരിച്ചത്.
സിപിഎം അനുഭാവിയും മാധ്യമപ്രവർത്തകനുമായ റസാക്ക് പഴംമ്പ്രോട്ടിനെ ഇന്ന് പുലർച്ചെയാണ് പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രാമപഞ്ചായത്തുമായുള്ള തർക്കമാണ് തൂങ്ങിമരണത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഇദ്ദേഹത്തിന്റെ വീടിന് സമീപം പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ യൂണിറ്റിനെതിരെ സി.പി.എം ഭരിക്കുന്ന പുളിക്കൽ പഞ്ചായത്തിൽ റസാഖ് നിരവധി തവണ പരാതി നൽകിയിയിരുന്നു. എന്നാൽ പഞ്ചായത്ത് നടപടിയെടുത്തിരുന്നില്ല. ഇതിന് പിന്നാലെ ഇദ്ദേഹത്തിന്റെ സഹോദരൻ ശ്വാസകോശ സംബന്ധമായ അസുഖം കാരണം ഈയടുത്ത് മരിക്കുകയും ചെയ്തു. ഈ മാലിന്യ സംസ്‌കരണ യൂണിറ്റിൽ നിന്നുള്ള മലിനീകരണമാണ് തന്റെ സഹോരന്റെ മരണത്തിന് കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.