ദില്ലി: പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി (പിഎംഎംഎൽ) എക്സിക്യൂട്ടീവ് കൗൺസിൽ പുനഃസംഘടിപ്പിച്ച് കേന്ദ്ര സർക്കാർ. അധ്യക്ഷസ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രക്ക് അഞ്ച് വർഷം കൂടി നീട്ടി നൽകി. എന്നാൽ, മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, റിട്ടയേർഡ് ആർമി ജനറൽ സയ്യിദ് അത്താ ഹസ്നൈൻ, നീതി ആയോഗ് മുൻ ചെയർപേഴ്സൺ രാജീവ് കുമാർ, ചലച്ചിത്ര നിർമ്മാതാവ് ശേഖർ കപൂർ എന്നിവരെ പുതിയ അംഗങ്ങളായി നിയമിച്ചു. മുൻ എക്സിക്യൂട്ടീവ് കൗൺസിലിൻ്റെ കാലാവധി തിങ്കളാഴ്ച അവസാനിച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിലെ തോൽവിക്ക് ശേഷം മാസങ്ങൾക്ക് ശേഷമാണ് സ്മൃതി ഇറാനിക്ക് പുതിയ സ്ഥാനം ലഭിക്കുന്നത്. പിഎംഎംഎല്ലിൽ പ്രധാനമന്ത്രി മോദി അധ്യക്ഷനും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വൈസ് പ്രസിഡൻ്റുമയിരിക്കും. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, ധർമേന്ദ്ര പ്രധാൻ, ഗജേന്ദ്ര ഷെഖാവത്ത്, അശ്വിനി വൈഷ്ണവ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
കഴിഞ്ഞ കൗൺസിലിലെ 29 അംഗങ്ങളുടെ സ്ഥാനത്ത് 5 പേരെക്കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചു. പുതിയ അംഗങ്ങളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാൽ, സംസ്കാർ ഭാരതിയുടെ വാസുദേവ് കാമത്ത്, അക്കാദമിക് വിദഗ്ധരായ വാമൻ കേന്ദ്രേ, ഹർമോഹിന്ദർ സിംഗ് ബേദി, വിദ്യാഭ്യാസ വിദഗ്ധൻ ചാമു കൃഷ്ണ ശാസ്ത്രി എന്നിവരും ഉൾപ്പെടുന്നു. പ്രശസ്ത പുരാവസ്തു ഗവേഷകൻ കെ കെ മുഹമ്മദ്, നാഷണൽ മ്യൂസിയം ഡയറക്ടർ ജനറൽ ബി ആർ മണി എന്നിവരും കൗൺസിലിൽ ഉൾപ്പെട്ടു.
മുൻ മന്ത്രി വി മുരളീധരൻ, മുൻ രാജ്യസഭാ എംപി വിനയ് സഹസ്രബുദ്ധെ, മാധ്യമപ്രവർത്തകൻ രജത് ശർമ, ഇന്ദിരാഗാന്ധി നാഷണൽ സെൻ്റർ ഫോർ ആർട്സ് പ്രസിഡൻ്റ് രാം ബഹാദൂർ റായ്, ഡോ ശ്യാമ പരാസാദ് മുഖർജി റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ അനിർബൻ ഗാംഗുലി എന്നിവരും പുതിയ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു.