തിരുവനന്തപുരം: സ്പോട്സ് ക്വാട്ട നിയമനത്തില്‍ ഭിന്നശേഷിക്കാരായ കായികതാരങ്ങള്‍ക്കായി മാറ്റിവച്ച തസ്തികകളിലേക്ക് പരിക്കു കാരണം കായികജീവിതത്തില്‍ നിന്ന് പിന്മാറേണ്ടി വരുന്നവരെ കൂടി പരിഗണിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശപ്രകാരമായിരിക്കണം ഇവരെ പരിഗണിക്കേണ്ടത്. അതിനായി സ്പോട്സ് ക്വാട്ട നിയമന വ്യവസ്ഥകളില്‍ ആവശ്യമായ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു.
നിലവില്‍ ഒരു വര്‍ഷം 50 കായികതാരങ്ങള്‍ക്കാണ് സ്പോട്സ് ക്വാട്ട പ്രകാരം നിയമനം നല്‍കുന്നത്. ഇതില്‍ രണ്ട് തസ്തിക ഭിന്നശേഷിക്കാര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. പലപ്പോഴും ഈ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ് പതിവ്. 2010-14 കാലയളവിലെ അഞ്ചു വര്‍ഷം ഭിന്നശേഷിക്കാരായ നാല് പേര്‍ക്കു മാത്രമാണ് നിയമനം ലഭിച്ചത്. യോഗ്യരായ അപേക്ഷകരില്ലാത്തതാണ് കാരണം. ഈ സാഹചര്യത്തിലാണ് ജൂനിയര്‍ വിഭാഗത്തിലും മറ്റും ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിക്കുകയും പരിക്കു കാരണം കായികരംഗത്തുനിന്ന് പിന്‍വാങ്ങേണ്ടി വരികയും ചെയ്യുന്നവരെ പരിഗണിക്കാന്‍ തീരുമാനിച്ചത്.
തീരുമാനത്തിന്റെ ഭാഗമായി, ദേശീയ തലത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ അത്‌ലറ്റിക് ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ സ്വാതി പ്രഭയ്ക്ക് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനില്‍ ക്ലറിക്കല്‍ തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കും. മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ട്രാക്കില്‍ വെച്ച് നട്ടെല്ലിന് പരിക്ക് പറ്റി കായിക രംഗത്തു നിന്ന് പിന്‍മാറേണ്ടി വന്ന താരമാണ് സ്വാതിപ്രഭ.