സ്ത്രീധന വ്യാപനം തടയാൻ പൊതുസമൂഹത്തിന്റെ ജാഗ്രത ഉയർത്തണം: പി സതീദേവി

news image
Jan 15, 2024, 12:28 pm GMT+0000 payyolionline.in

കൊച്ചി > സ്ത്രീധന സമ്പ്രദായത്തിനെതിരേ സാമൂഹിക അവബോധം ഉയർത്താൻ നടപടി ശക്തമാക്കണമെന്ന്  വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. സ്ത്രീധന നിരോധന നിയമം 1961 സംബന്ധിച്ച് വനിതാ കമീഷൻ എറണാകുളം മേഖലാ ഓഫീസിൽ സംഘടിപ്പിച്ച നിയമ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമീഷൻ അധ്യക്ഷ.

പതിറ്റാണ്ടുകളായി നിലനിൽക്കുന്ന നിയമം ഉണ്ടായിട്ടും ഇത് അനുശാസിക്കുന്ന വിധത്തിൽ നടപടികൾ സ്വീകരിക്കാനാവാത്തത് പൊതുസമൂഹത്തിൽ നില നിൽക്കുന്ന സ്ത്രീ വിരുദ്ധ കാഴ്ചപ്പാടിന്റെ ഭാഗമായാണ്. വിദ്യാസമ്പന്നരായ പെൺകുട്ടികളുടെ ഉൾപ്പെടെയുള്ള ആത്മഹത്യാ പ്രവണതകളുടെയും വർധിച്ചു വരുന്ന സ്ത്രീധന പീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിൽ സമൂഹത്തെ ആകെ ജാഗ്രതപ്പെടുത്തുന്നതിനുള്ള നടപടികൾ ശക്തമാക്കേണ്ടതുണ്ട്. എല്ലാ ജില്ലകളിലും സ്ത്രീധന നിരോധന ഓഫീസർമാരെ നിയുക്തമാക്കിയിട്ടുള്ള സംസ്ഥാനം എന്ന നിലയിൽ താഴെതലം വരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ  സാധ്യമാവുന്നതാണ്.

പുതിയ തലമുറ മാറി ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും കേരളീയ സമൂഹത്തിൽ സ്ത്രീധനത്തിന്റെ വ്യാപനം തടയാനോ, അതുമൂലമുണ്ടാകുന്ന ദുരന്തങ്ങൾ ഇല്ലാതാക്കാനോ കഴിയുന്നില്ല. പെൺകുട്ടികൾക്ക് അവരുടെ സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്. വിലപേശി വിൽക്കേണ്ടവരല്ല പെൺകുട്ടികൾ എന്ന ധാരണ രക്ഷിതാക്കൾക്കും ഉണ്ടാകണം. സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിലവിലുള്ള ചട്ടങ്ങൾ ഫലപ്രദമായി നടപ്പിലാക്കാനുള്ള ശുപാർശകൾ സർക്കാരിനു നൽകുമെന്നും വനിതാ കമീഷൻ അധ്യക്ഷ പറഞ്ഞു.

യോഗത്തിൽ വനിതാ കമീഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി അധ്യക്ഷയായി. കമീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, വി.ആർ. മഹിളാമണി, അഡ്വ. പി കുഞ്ഞായിഷ,  മെമ്പർ സെക്രട്ടറി സോണിയ വാഷിംഗ്ടൺ, ഡയറക്ടർ ഷാജി സുഗുണൻ, ലോ ഓഫീസർ പ്രീതി അർ നായർ, ഫിനാൻസ് ഓഫീസർ ലീജ ജോസഫ്, പ്രോജക്ട് ഓഫീസർ എൻ ദിവ്യ, 14 ജില്ലകളിലെയും സ്ത്രീധന നിരോധന ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe