കൊച്ചി∙ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ റജിസ്റ്റർ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീർപ്പായെന്നു പരാതിക്കാരി അറിയിച്ചതിനെ തുടർന്നാണു ഹൈക്കോടതി നടപടി. ജസ്റ്റിസ് പി. ഗോപിനാഥാണ് ഹർജി പരിഗണിച്ചത്. 2017ൽ സിനിമാ ചർച്ചയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോൾ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി.
പരാതിക്കാരിയുമായി ഒത്തുതീർപ്പായെന്ന് ഉണ്ണി മുകുന്ദൻ കോടതിയിൽ അറിയിച്ചതിനെ തുടർന്ന് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ തുടർ നടപടികൾ ഹൈക്കോടതി ജൂണിൽ ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരുന്നു. ഒത്തുതീർപ്പാക്കാൻ ധാരണയായെന്നു പരാതിക്കാരിയും സത്യവാങ്മൂലം നൽകിയിരുന്നു.