സ്ത്രീകള്‍ക്ക് മഹ്റം ഇല്ലാതെ ഹജ്ജ് നിര്‍വഹിക്കാം; വ്യക്തമാക്കി മന്ത്രാലയം

news image
Feb 16, 2024, 10:56 am GMT+0000 payyolionline.in

റിയാദ്: സ്ത്രീകള്‍ക്ക് മഹ്റം ഒപ്പമില്ലാതെ (ഉറ്റബന്ധുവായ പുരുഷൻ) ഹജ്ജ് കര്‍മ്മം നിര്‍ഹവിക്കാമെന്ന് വ്യക്തമാക്കി ഹജ്ജ്, ഉംറ മന്ത്രാലയം. ഏത് ആഭ്യന്തര സര്‍വീസ് കമ്പനിക്കും സ്ഥാപനത്തിനും കീഴില്‍ ഹജ്ജ് നിര്‍വ്വഹിക്കുന്ന വനിതകള്‍ക്കും മഹ്റം നിര്‍ബന്ധമല്ല.ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതിയുള്ള കുറഞ്ഞ പ്രായം 15 വയസ്സാണ്. ഉയര്‍ന്ന പ്രായത്തിന് പരിധിയില്ല. സൗദി തിരിച്ചറിയല്‍ കാര്‍ഡും ഇഖാമയുമുള്ളവര്‍ക്കും മാത്രമെ ഹജ്ജിന് രജിസ്റ്റര്‍ ചെയ്യാനാകൂ. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴി ശവ്വാൽ 15 മുതൽ ഹജ് പെർമിറ്റുകൾ ഇഷ്യു ചെയ്ത് തുടങ്ങും. ദുൽഹജ് ഏഴിന് ഹജ് രജിസ്‌ട്രേഷൻ നിർത്തിവെക്കും.

 

സൗദി അറേബ്യയിലുള്ള സ്വദേശി, വിദേശി തീർഥാടകരുടെ ഹജ്ജ് രജിസ്‌ട്രേഷന് തുടക്കമായിട്ടുണ്ട്. www.localhaj.haj.gov.sa എന്ന വെബ്‌സൈറ്റ് വഴിയോ നുസ്‌ക് ആപ്പിലൂടെയോ രജിസ്റ്റർ ചെയ്യാം. നാല് കാറ്റഗറികളായി തിരിച്ച ഹജ്ജ് പാക്കേജുകൾക്ക് വ്യത്യസ്ത തുകയാണ് അടക്കേണ്ടത്. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുമ്പോൾ തെരഞ്ഞെടുക്കുന്ന പാക്കേജ് തുക അടക്കണം.

ആഭ്യന്തര തീർഥാടകർക്ക് നാലു പാക്കേജുകളാണുള്ളത്. തീർഥാടകർക്ക് സുഖകരമായ സേവനങ്ങൾ നൽകാൻ വികസിപ്പിച്ച തമ്പുകളിൽ താമസ സൗകര്യം നൽകുന്ന പാക്കേജിൽ 10,366.10 റിയാലും മിനായിലെ തമ്പുകളിൽ താമസം നൽകുന്ന രണ്ടാമത്തെ പാക്കേജിൽ 8,092.55 റിയാലും ജംറ കോംപ്ലക്‌സിനു സമീപമുള്ള ടവറുകളിൽ താമസം നൽകുന്ന മൂന്നാമത്തെ വിഭാഗത്തിൽ 13,266.25 റിയാലും നാലാമത്തെ പാക്കേജ് ആയ ഇക്കോണമി വിഭാഗത്തിൽ 4,099.75 റിയാലുമാണ് വാറ്റ് ഉൾപ്പെടെയുള്ള നിരക്കുകൾ. മക്കയിലേക്കും തിരിച്ചുമുള്ള യാത്രാ ചെലവുകൾ ഇതിൽ ഉൾപ്പെടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe