തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് 210 അധ്യയന ദിനങ്ങൾ നിശ്ചയിച്ച് വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി. ഇതാദ്യമായി സ്കൂളുകൾ മധ്യവേനലവധിക്ക് അടയ്ക്കുന്നത് മാർച്ചിലെ അവസാന പ്രവൃത്തിദിവസത്തിൽനിന്ന് ഏപ്രിൽ ആറിലേക്ക് മാറ്റാനും തീരുമാനിച്ചു. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിൽ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
നേരത്തേ 220 അധ്യയനദിനങ്ങൾ തികക്കാൻ ലക്ഷ്യമിട്ടായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. ആഴ്ചയിൽ ആറ് പ്രവൃത്തിദിവസം വരുന്ന രീതിയിൽ ശനിയാഴ്ച അധ്യയനദിനമാക്കുന്നതിൽ അധ്യാപക സംഘടനകളിൽനിന്ന് എതിർപ്പുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് 210 അധ്യയനദിനങ്ങൾ നടപ്പാക്കാനും അതിനനുസൃതമായി മാർച്ചിലെ അവസാന പ്രവൃത്തിദിനത്തിന് പകരം ഏപ്രിൽ ആറുവരെ അധ്യയനദിനം നീട്ടാനും തീരുമാനിച്ചത്.
വിദ്യാഭ്യാസ കലണ്ടർ പ്രകാരം ജൂൺ മൂന്ന് (ശനിയാഴ്ച) അധ്യയന ദിനമാക്കിയിട്ടുണ്ട്. ഇതുപ്രകാരം കുട്ടികളുടെ എണ്ണമെടുക്കേണ്ട ആറാം പ്രവൃത്തിദിനമായി ജൂൺ ഏഴ് നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു. എന്നാൽ, കേരള വിദ്യാഭ്യാസ ചട്ടപ്രകാരം സ്കൂളുകൾ ജൂണിലെ ആദ്യ പ്രവൃത്തിദിനത്തിൽ തുറക്കുകയും മാർച്ചിലെ അവസാന പ്രവൃത്തിദിനത്തിൽ മധ്യവേനലവധിക്കായി അടയ്ക്കുകയും ചെയ്യണം.
ഇതിൽ മാറ്റമുണ്ടെങ്കിൽ അക്കാര്യം പൊതുവിദ്യാഭ്യാസ ഡയറക്ടർ വിജ്ഞാപനം ചെയ്യണമെന്നാണ് കെ.ഇ.ആർ വ്യവസ്ഥ. ജൂൺ മൂന്നിന് പുറമെ ജൂലൈ ഒന്ന്, 22, 29, ആഗസ്റ്റ് 19, സെപ്റ്റംബർ 23, 30, ഒക്ടോബർ ഏഴ്, 28, ജനുവരി ആറ്, 27, മാർച്ച് 16, 23 എന്നിങ്ങനെ 13 ശനിയാഴ്ചകൾ സ്കൂളുകൾക്ക് പ്രവൃത്തിദിവസമാക്കിയിട്ടുണ്ട്. ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെയും പ്രവൃത്തിദിവസമാണ്.
ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങൾക്ക് എല്ലാ ശനിയാഴ്ചകളും അവധിയായിരിക്കുമെന്നും ഇവർക്ക് 192 അധ്യയന ദിനങ്ങളാവും ഉണ്ടാകുകയെന്നും വിദ്യാഭ്യാസ കലണ്ടറിൽ പറയുന്നു. മധ്യവേനലവധിക്ക് സ്കൂളുകൾ അടയ്ക്കുന്നത് മാർച്ചിൽനിന്ന് ഏപ്രിലിലേക്ക് മാറ്റാൻ വിദ്യാഭ്യാസമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തത് അംഗീകരിക്കില്ലെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന സമിതി അറിയിച്ചു.
മന്ത്രിതന്നെ വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അധ്യാപക സംഘടനകളുമായി ആശയവിനിയമം നടത്താതെ സ്കൂളുകൾ ഏപ്രിലിൽ പ്രവർത്തിപ്പിക്കാനുള്ള നീക്കം ചെറുക്കും. തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെ.പി.എസ്.ടി.എ പ്രസിഡന്റ് കെ. അബ്ദുൽ മജീദും ജനറൽ സെക്രട്ടറി പി.കെ. അരവിന്ദനും അറിയിച്ചു.
എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷ മാർച്ചിൽ; മോഡൽ പരീക്ഷ ഫെബ്രുവരിയിൽ
അടുത്ത എസ്.എസ്.എൽ.സി പരീക്ഷ 2024 മാർച്ചിലും മോഡൽ പരീക്ഷ ഫെബ്രുവരിയിലും നടത്തും. വ്യാഴാഴ്ച പുറത്തിറക്കിയ വിദ്യാഭ്യാസ കലണ്ടറിലാണ് ഇക്കാര്യമുള്ളത്. മാർച്ച് ആറുമുതൽ ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷ നടത്തും. മാർച്ച് ആദ്യവാരത്തിൽ ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ വാർഷിക പരീക്ഷ നടത്തും. ഡിസംബർ 14 മുതൽ 21 വരെയാണ് രണ്ടാംപാദ വാർഷിക പരീക്ഷ.