സൈബർ തട്ടിപ്പ്; വെറും 4 മാസത്തിനുള്ളിൽ ഇന്ത്യക്കാരിൽ നിന്ന് തട്ടിയത് 1776 കോടി രൂപ, 7.4 ലക്ഷം പരാതി

news image
Oct 28, 2024, 6:49 am GMT+0000 payyolionline.in

ദില്ലി: നാല് മാസത്തിനുള്ളിൽ ഇന്ത്യക്കാരിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ തട്ടിയെടുത്തത് 120.3 കോടി രൂപയെന്ന് കണക്കുകൾ. വലിയ രീതിയിൽ സൈബർ തട്ടിപ്പുകൾ പതിവായതിന് പിന്നാലെ ഞായറാഴ്ച മൻ കീ ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനേക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് ഡിജിറ്റൽ അറസ്റ്റുകൾ രാജ്യത്ത് വലിയ രീതിയിലാണ് രാജ്യത്ത് വർധിക്കുന്നത്.

മ്യാൻമർ, ലാവോസ്, കംബോഡിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് രാജ്യത്ത് പ്രാവർത്തികമാക്കുന്നതെന്നാണ് സൈബർ കോർഡിനേഷൻ സെന്ററിൽ നിന്ന് ലഭ്യമാക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇക്കാലയളവിലെ സൈബർ തട്ടിപ്പുകളിൽ നിന്നായി ആളുകൾക്ക് മൊത്തത്തിൽ നഷ്ടമായിരിക്കുന്നത് 1776 കോടി രൂപയോളമാണ്.

ജനുവരി 1 മുതൽ ഏപ്രിൽ 30 വരെയുള്ള കാലത്ത് 7.4 ലക്ഷം പരാതികളാണ് ലഭിച്ചിരിക്കുന്നത്. 2023 ൽ ആകെ ലഭിച്ചത് 15.56 ലക്ഷം കേസുകളാണ്. 2022ൽ 9.66 ലക്ഷം പരാതികളാണ് ലഭിച്ചത്. 2021ൽ ലഭിച്ച പരാതികളുടെ എണ്ണം 4.52 ലക്ഷമാണ്. നാല് രീതിയിലാണ് സൈബർ തട്ടിപ്പ് പ്രധാനമായും രാജ്യത്ത് നടക്കുന്നത്. ഡിജിറ്റൽ അറസ്റ്റ്, ട്രേഡിംഗ് തട്ടിപ്പ്, നിക്ഷേപ തട്ടിപ്പ്, ഡേറ്റിംഗ് തട്ടിപ്പ് എന്നിവയാണ് ഇവ.

ഇതിൽ ഡിജിറ്റൽ അറസ്റ്റിൽ മാത്രം രാജ്യത്തെ പൌരന്മാരിൽ നിന്ന് തട്ടിയെടുത്തിട്ടുള്ളത് 120.3 കോടി രൂപയാണ്. ട്രേഡിംഗ്  തട്ടിപ്പിൽ 1420.48 കോടി രൂപയും നിക്ഷേപ തട്ടിപ്പിൽ 222.58 കോടി രൂപയും ഡേറ്റിംഗ് തട്ടിപ്പിൽ 13.23 കോടി രൂപയുമാണ് ആളുകൾക്ക് നഷ്ടമായിട്ടുള്ളത്. വളരെ സൂക്ഷ്മമായി ഇരകളെ തെരഞ്ഞെടുക്കുന്നതിനാലാണ് ഇത്തരം തട്ടിപ്പ് വ്യാപകമായി നടക്കുന്നതെന്നാണ് സൈബർ ക്രൈം വിദഗ്ധർ വിശദമാക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe