തിരുവനന്തപുരം∙ സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ സാങ്കേതിക മികവു പുലർത്തുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സൈബർ കേഡർ രൂപീകരിച്ചു. ടെലികമ്മ്യൂണിക്കേഷനിലെ മൂന്നിലൊന്നു വരുന്ന ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. ഇവരെ സൈബർ സെല്ലുകളിലും സൈബർ ഡോമിലും നിയോഗിക്കും.സൈബർ സേനയിലേക്കുള്ള ആളുകളെ തിരഞ്ഞെടുക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്കും ടെലികമ്മ്യൂണിക്കേഷൻ എസ്പിക്കും ഡിജിപി നിർദേശം നൽകി. പരിശീലനത്തിനുള്ള കരട് കരിക്കുലം സൈബർ ഓപ്പറേഷൻസ് എസ്പി തയാറാക്കിയിട്ടുണ്ട്.
കേരള പൊലീസ് അക്കാദമി ഡയറക്ടർ പരിശീലന ഷെഡ്യൂളും അധ്യാപകരെയും തീരുമാനിക്കും. 100 പേരുള്ള ബാച്ചുകളായാണ് പരിശീലനം. ആദ്യബാച്ചിന്റെ പരിശീലനം ജൂലൈ മൂന്നാം വാരം ആരംഭിക്കും. പരിശീലനത്തിന് ആവശ്യമായ സോഫ്റ്റുവെയർ ഉൾപ്പെടെയുള്ള കാര്യങ്ങൾ സജ്ജമാക്കാൻ ഡിജിപി നിർദേശം നൽകി. സൈബർ ഓപ്പറേഷൻ ഐജിയുടെ മേൽനോട്ടത്തിലായിരിക്കും പരിശീലനം. പരീശീലനത്തിന്റെ പുരോഗതിയും സ്വീകരിച്ച നടപടികളും പൊലീസ് ആസ്ഥാനത്ത് അറിയിക്കാനും നിർദേശം നൽകി.