കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാപകമായി നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇളയ മകൾ അച്ചു ഉമ്മൻ. സെക്രട്ടേറിയറ്റിലെ ഒരു മുൻ ഉദ്യോഗസ്ഥനെതിരെ പൂജപ്പുര പൊലീസിനാണ് പരാതി നൽകിയത്. ഇതിനു പുറമെ വനിതാ കമ്മിഷനും തിരഞ്ഞെടുപ്പു കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ലെന്നും, ധൈര്യമുള്ളവർ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെയെന്നും അച്ചു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയത്.
രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് തന്റെ പിതാവെന്നും അധികാരം ദുർവിനിയോഗം നടത്തി ഒരു രൂപ പോലും സമ്പാദിച്ചതായി തനിക്കെതിരെ ഒരു ആരോപണവും ഇതുവരെ ഉയർന്നിട്ടില്ലെന്നും കഴിഞ്ഞ ദിവസം അച്ചു ഉമ്മൻ ചൂണ്ടിക്കാട്ടിയിരുന്നു. പിതാവിനെ ജീവിതകാലം മുഴുവൻ വേട്ടയാടിയിരുന്നവർ അദ്ദേഹത്തിന്റെ മരണശേഷം മക്കളെ വേട്ടയാടുകയാണ്. അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് സൈബർ ആക്രമണം. മുഖമില്ലാത്തവർക്കെതിരെ നിയമനടപടിയില്ല. ധൈര്യമുള്ളവർ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെയെന്നും അച്ചു ഉമ്മൻ വ്യക്തമാക്കിയിരുന്നു.
അച്ചുവിന്റെ സമൂഹമാധ്യമ അക്കൗണ്ടിലെ ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ച് ചാനലുകളുടെ ലോഗോയും മറ്റും വ്യാജമായി ചേർത്ത് വൻ പ്രചാരണമാണ് നടക്കുന്നത്. ചാനൽ ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്. സൈബർ ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവരും രംഗത്തെത്തിയിരുന്നു. അച്ചു ഉമ്മൻ ദുബായിൽ അംഗീകൃത സമൂഹമാധ്യമ ഇൻഫ്ലുവൻസറും പരസ്യങ്ങളും മറ്റും ചെയ്യുന്ന കമ്പനിയുടെ ഉടമയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.