കോഴിക്കോട്: സന്തോഷ് ട്രോഫി ടൂർണമെന്റിനുള്ള കേരള ടീമിൽ കോഴിക്കോടുനിന്ന് നാലു പേർ. മൂന്ന് സ്ടൈക്കർമാരും ഒരു ഡിഫൻഡറുമാണ് ടീമിലുള്ളത്. ഐ.എസ്.എൽ -ഐ ലീഗ്- സന്തോഷ് ട്രോഫി താരവും സുപ്പർ ലീഗ് കേരളയിൽ കാലിക്കറ്റിനുവേണ്ടി നാലു ഗോൾ നേടുകയും ചെയ്ത കോഴിക്കോട് നാദാപുരം സ്വദേശി ഗനി നിഗമാണ് പ്രമുഖ താരം. കേരള ടീം ക്യാപ്റ്റൻസി സംബന്ധിച്ച് അവസാനവട്ട തീരുമാനത്തിലും ഇടംപിടിച്ചിരുന്നു ഈ ഇരുപത്തിനാലുകാരൻ. സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്.സിയുടെ നിറഞ്ഞാടിയ താരമെന്ന നിലയിൽ ഗ്രൗണ്ട് പരിചയം കേരളടീമിന് ഏറെ ഗുണം ചെയ്യും.
കേരള ടീമിന്റെ സ്ട്രൈക്കറായ ഈങ്ങാപ്പുഴ സ്വദേശി 21കാരനായ മുഹമ്മദ് അജ്സൽ ഗോകുലം കേരള എഫ്.സി ടീമംഗമാണ്. 2021-22 സന്തോഷ് ട്രോഫി ടീമംഗവുമായിരുന്നു. രണ്ടുതവണ സന്തോഷ് ട്രോഫി അംഗവും സൂപ്പർ ലീഗ് കേരള താരവുമായ കൂരാച്ചുണ്ട് സ്വദേശി അർജുനും ടീം പ്രതീക്ഷയാണ്. 24 കാരനായ അർജുൻ കാലിക്കറ്റ് എഫ്.സി ടീമിനുവേണ്ടി സൂപ്പർലീഗിൽ കേരളയിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് റൊഷാൽ ഈസ്റ്റ് ബംഗാൾ എഫ്.സി താരമാണ്. സൂപ്പർലീഗിലും കൽക്കത്ത ലീഗിലും പൊലീസ് ടീമിലും സ്ഥിരമായി കളിക്കുന്ന യുവതാരങ്ങളാണെന്നതാണ് ഇത്തവണത്തെ സ്ക്വാഡിന്റെ പ്രത്യേകത. അംഗങ്ങളുടെ ശരാശരി പ്രായം 22.5 ആണെന്നത് ടീമിന് ഏറെ ഗുണകരമാണ്. ഒത്തൊരുമിച്ചുള്ള പരിശീലനത്തിലൂടെ കരുത്തുറ്റ ടീമിനെ വാർത്തെടുക്കാനാകുമെന്നാണ് കേരള ടീമിന്റെ പ്രതീക്ഷ. അറ്റാക്കിങ്ങിന് പ്രധാന്യം കൊടുത്തുകൊണ്ടാണ് ഇത്തവണയും ടീം മത്സരത്തിനൊരുങ്ങുന്നത്.