സെലിബ്രറ്റി ഷെഫിനെ അടിച്ചുകൊന്ന് സുരക്ഷാസേന; ഇറാനിൽ പ്രതിഷേധം രൂക്ഷം

news image
Oct 31, 2022, 10:16 am GMT+0000 payyolionline.in

ടെഹ്റാൻ ∙ ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെ സെലിബ്രിറ്റി ഷെഫിനെ അടിച്ചു കൊലപ്പെടുത്തി സുരക്ഷാ സേന. ഇറാന്റെ റെവലൂഷ്യനറി ഗാർഡ് ഫോഴ്സാണ് ‘ജാമിയ ഒലിവർ’ എന്ന് അറിയപ്പെടുന്ന മെർഷാദ് ഷാഹിദിയെ കൊലപ്പെടുത്തിയത്. മെർഷാദിന്റെ ഇരുപതാം ജന്മദിനത്തിന്റെ തലേദിവസമാണ് മരണം സംഭവിച്ചത്. മെർഷാദിന്റെ മരണത്തോടെ ഇറാനിൽ വീണ്ടും പ്രതിഷേധം രൂക്ഷമായി.

 

ഷാഹിദിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ശനിയാഴ്ച രാത്രിയിൽ എത്തിയ പതിനായിരക്കണക്കിന് ആളുകൾ റോഡുകൾ ഉപരോധിച്ചു. പത്തൊൻപതു വയസ്സുകാരനായ മെർഷാദ് ഷാഹിദി ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഇറാൻ സുരക്ഷാ സേന ക്രൂരമായി മർദ്ദിക്കുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. കസ്റ്റഡിയിലിരിക്കെയാണ് മരണം. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.‌

ഹൃദയസ്തംഭനം മൂലമാണ് ഷാഹിദി മരിച്ചതെന്ന് പറയാൻ സുരക്ഷാ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയതായി ഷാഹിദിയുടെ കുടുംബം അറിയിച്ചു. ഷാഹിദിയുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇറാൻ അധികൃതർ തയാറായിട്ടില്ല. ശരീരത്തിൽ മുറിവേറ്റതിന്റെയോ ഒടിവിന്റെയോ ചതവിന്റെയോ ലക്ഷണങ്ങൾ ഇല്ലെന്നാണ് ഇറാൻ ചീഫ് ജസ്റ്റിസ് പറഞ്ഞതെന്നാണ് റിപ്പോർട്ട്. എന്നാൽ പൊലീസിനും അധികൃതർക്കുമെതിരെ കനത്ത പ്രതിഷേധമാണ് ഇറാനിൽ അരങ്ങേറുന്നത്.

കുർദ് വംശജയായ മഹ്സ അമിനിയുടെ (22) മരണത്തെ തുടർന്ന് ആരംഭിച്ച പ്രക്ഷോഭമാണ് ഇറാനിൽ ഇപ്പോഴും ശക്തമായി തുടരുന്നത്. പ്രതിഷേധം അടിച്ചമർത്തുന്ന സർക്കാർ നടപടികളുടെ ഭാഗമായി നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe