ചെന്നൈ: മുൻ ഡി.എം.കെ മന്ത്രി സെന്തിൽ ബാലാജിക്കെതിരെ ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റം ചുമത്തി. അനധികൃത പണമിടപാട് നിരോധന കേസിൽ കുറ്റമുക്തനാക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി സെന്തിൽ ബാലാജി സമർപ്പിച്ച ഹരജി കോടതി തള്ളിയിരുന്നു.
തുടർന്നാണ് കുറ്റപത്രം സമർപ്പിക്കുന്നതിനായി സെന്തിൽ ബാലാജിയെ ഹാജരാക്കാൻ ജഡ്ജി എസ്. അല്ലി ഉത്തരവിട്ടത്. അവശനിലയിൽ കാണപ്പെട്ട സെന്തിൽ ബാലാജി കോടതിയിൽ കസേരയിലാണ് ഇരുന്നത്. ഈ നിലയിലാണ് ജയിലാശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എൻഫോഴ്സ്മെന്റ് വകുപ്പിന്റെ കുറ്റപത്രം ജഡ്ജി വായിച്ചു കേൾപ്പിച്ചു. എന്നാൽ, ആരോപണങ്ങൾ സെന്തിൽ ബാലാജി നിഷേധിച്ചു. ഇതിനിടെ, എൻഫോഴ്സ്മെന്റ് അധികൃതരും സെന്തിൽ ബാലാജിയുടെ അഭിഭാഷകരും തമ്മിൽ വാക്കേറ്റമുണ്ടായി.