സൂപ്രണ്ടും ഡോക്ടർമാരുമില്ലാതെ വടകര ജില്ലാ ആശുപത്രി; പ്രവർത്തനം താളം തെറ്റുന്നു

news image
Jan 16, 2026, 7:27 am GMT+0000 payyolionline.in

വടകര: ജില്ലാ ആശുപത്രിയിൽ ആറു ഡോക്ടർ തസ്തികകളും ആശുപത്രി സൂപ്രണ്ട് തസ്തികയും ഒഴിഞ്ഞുകിടക്കുന്നത് മൂലം ആശുപത്രിയുടെ പ്രവർത്തനം ഗുരുതരമായി താളം തെറ്റുന്നു. രണ്ടുമാസത്തോളമായി സൂപ്രണ്ട് സ്ഥലം മാറിപ്പോയിട്ടും പകരം നിയമനം ഇതുവരെ നടന്നിട്ടില്ല.

ആദ്യഘട്ടത്തിൽ ഇഎൻടി വിഭാഗത്തിലെ ഡോക്ടർക്കായിരുന്നു സൂപ്രണ്ടിന്റെ ചുമതല നൽകിയിരുന്നത്. ഇദ്ദേഹം മെഡിക്കൽ അവധിയിൽ പോയതോടെ ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർക്കാണ് നിലവിൽ ചുമതല. ഒപി, ഐപി സേവനങ്ങൾക്ക് പുറമേ ഭരണപരമായ ഉത്തരവാദിത്വങ്ങളും വഹിക്കേണ്ടിവരുന്നതിനാൽ ഇരട്ട ജോലിഭാരമാണ് ഇവർക്കുമേൽ വീണിരിക്കുന്നത്.

ജനറൽ മെഡിസിനിൽ രണ്ട് കൺസൾട്ടന്റ് മാത്രമാണ് നിലവിലുള്ളത്. ഇതിലൊരാൾക്ക് സൂപ്രണ്ടിന്റെ ചുമതലകൂടി ലഭിക്കുമ്പോൾ മെഡിസിൻ വിഭാഗത്തിന്റെ പ്രവർത്തനത്തെ ഇത് ബാധിക്കും. വടകര താലൂക്കിലെ ഏക ജില്ലാ ആശുപത്രിയാണ് വടകരയിലേത്. 1500-ഓളം രോഗികൾവരെ ഒരുദിവസം ഒപിയിൽമാത്രം എത്തുന്നുണ്ട്. 15 വർഷം മുൻപാണ് താലൂക്ക് ആശുപത്രി പദവിയിൽനിന്ന് ഈ ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയർത്തിയത്. എന്നാൽ, അതിനനുസരിച്ച് ഡോക്ടർമാരെ അനുവദിക്കാത്തതുകൊണ്ടുതന്നെ ആശുപത്രി പ്രവർത്തനം പ്രതിസന്ധി നേരിടുന്നുണ്ട്. ഇതിനിടെയാണ് സൂപ്രണ്ടും ഇല്ലാത്തത്. ഭരണപരമായ ഒട്ടേറെ ഉത്തരവാദിത്വങ്ങൾ നിറവേറ്റേണ്ടത് സൂപ്രണ്ടാണ്.ജില്ലാ ആശുപത്രിയാണെങ്കിലും വടകരയിൽ നിലവിലുള്ളത് 31 ഡോക്ടർമാർ മാത്രം. ഇത് ജില്ലാ ആശുപത്രിയുടെ പാറ്റേൺ അനുസരിച്ചുള്ള തസ്തികയല്ല. ജില്ലാ ആശുപത്രിയായി പ്രഖ്യാപിക്കുംമുൻപേ ഉള്ളതാണ്. ഇതുപ്രകാരം 37 ഡോക്ടർ തസ്തികയാണ് .

എല്ലാ വിഭാഗങ്ങളിലും പേരിനുമാത്രമാണ് ഡോക്ടർമാരുള്ളത്. മെഡിസിനിൽ രണ്ട് കൺസൾട്ടന്റുമാരും ഒരു ജൂനിയർ കൺസൾട്ടന്റും മാത്രം. സർജറിയിൽ ഒരാൾമാത്രമേ ഉള്ളൂ. ഒരു ഡോക്ടർ മൂന്നുദിവസത്തേക്ക് ഡെപ്യൂട്ടേഷനിലുണ്ട്. ഓർത്തോയിൽ രണ്ടുപേരാണുള്ളത്. കണ്ണ്, ത്വഗ്രോഗം എന്നിവയിൽ ഓരോ ഡോക്ടർമാർ വീതം. ഗൈനക്കോളജിയിൽ മൂന്നുപേർ വേണ്ടിടത്ത് രണ്ടുപേർമാത്രം. ജില്ലാ ആശുപത്രിയാണെങ്കിൽ ഡോക്ടർമാർ ഏതാണ്ട് ഇപ്പോഴുള്ളതിന്റെ ഇരട്ടിവേണം.ഇതിനായി വർഷങ്ങളായി മുറവിളികൂട്ടാൻതുടങ്ങിയിട്ട്.

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അന്നത്തെ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി വടകരയെ ജില്ലാ ആശുപത്രിയായി പ്രഖ്യാപിച്ചത്.ഒഴിഞ്ഞ് കിടക്കുന്ന ആശുപത്രി സുപ്രണ്ട് തസ്തികയിലേക്ക് പുതിയ ആളെ നിയമിക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe