തിരുവനന്തപുരം∙ കരുവന്നൂർ സഹകരണ ബാങ്കിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധനയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇ.ഡിയെ വച്ച് പാർട്ടിയെ തകർക്കാനാണ് ശ്രമമെങ്കിൽ പ്രതിരോധിക്കുമെന്ന് ഗോവിന്ദൻ പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ ന്യായീകരിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം, തെറ്റുതിരുത്തി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.
‘കരുവന്നൂരിലെ ബാങ്ക് തട്ടിപ്പിനെ ഞങ്ങൾ ഒരുതരത്തിലും അനുകൂലിക്കുന്നില്ല. ഒരു തെറ്റായ പ്രവണതയേയും പൂഴ്ത്തി വയ്ക്കാനോ ഏതെങ്കിലും രീതിയിൽ ന്യായീകരിക്കാനോ സിപിഎമ്മില്ല. തെറ്റു തിരുത്തിക്കൊണ്ടു മാത്രമേ പോകാനാകൂ, അത് ആരായാലും. തെറ്റു പറ്റിയാൽ തിരുത്തണം. തിരുത്താൻ ആവശ്യമായ നിലപാടുകൾ എടുക്കണം.’ – ഗോവിന്ദൻ പറഞ്ഞു.
‘‘ബലപ്രേയാഗത്തിലൂടെയാണ് ഇഡിയുടെ ചോദ്യം െചയ്യൽ. അവർക്ക് അതിന് അധികാരമില്ല. സുരേഷ് ഗോപി തൃശൂരിൽ മത്സരിക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കങ്ങൾ. സുരേഷ് ഗോപിയെ തൃശൂരിൽ ജയിപ്പിക്കാനുള്ള തന്ത്രം ഇതിലൂടെ നടക്കുന്നുണ്ട്. ഇഡിയെ ഉപയോഗിച്ച് തൃശൂരിലെ സിപിഎമ്മിനെ തകർക്കാൻ അനുവദിക്കില്ല. കരുവന്നൂരിലേത് സിപിഎം കൊള്ളയെന്ന് വരുത്താനുള്ള നീക്കം തുറന്നുകാട്ടും’’– അദ്ദേഹം പറഞ്ഞു. ഇഡിയുടെ അജൻഡയ്ക്ക് അനുസരിച്ച് മാധ്യമങ്ങൾ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.