വണ്ടിപ്പെരിയാർ കേസിലെ സുരക്ഷാ വീഴ്ച, അറസ്റ്റ്; ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറി മഹിളാമോർച്ച പ്രവർത്തകർ

news image
Dec 16, 2023, 7:16 am GMT+0000 payyolionline.in

തിരുവനന്തപുരം: വണ്ടിപ്പെരിയാർ കേസിലെ വീഴ്ചയ്ക്കെതിരെ മഹിളാ മോർച്ച പ്രവർത്തകർ ഡിജിപിയുടെ വീട്ടിൽ കയറി പ്രതിഷേധിച്ചു. ഡിജിപി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഔദ്യോഗിക വസതിയിൽ ഉള്ളപ്പോഴാണ് പ്രതിഷേധം. പ്രതിഷേധക്കാർ വസതിയുടെ ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കയറുകയായിരുന്നു. ഇവരെ വനിതാ പൊലീസുകാർ തടഞ്ഞെങ്കിലും നിലത്തിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. സംഭവത്തിൽ 5 പേർ അറസ്റ്റിലായി.

പരാതി നൽകാനാണെന്ന് പറഞ്ഞാണ് മഹിളാ മോർച്ചാ പ്രവർത്തകർ വസതിയിലെത്തിയത്. പിന്നീട് ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കയറുകയായിരുന്നു. ഈ സമയം ഡിജിപി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അകത്തുണ്ടായിരുന്നു. സ്ഥലത്ത് വനിതാ പൊലീസുകാർ ഇല്ലാതിരുന്നതിനാൽ ഇവരെ തടയാനായില്ല. പിന്നീട് സ്റ്റേഷനിൽ നിന്ന് പൊലീസെത്തിയാണ് ഇവരെ മാറ്റിയത്.

അതേസമയം, ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ തള്ളിക്കയറിയത് വലിയ സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. വസതിയുടെ സുരക്ഷ ചുമതല റാപ്പിഡ് റെസ്പോൺസ് ടീമിനാണ്. സംഭവത്തെ തുടർന്ന് ഡിസിപിയെയും മ്യൂസിയം എസ്എച്ച്ഒയെയും ഡിജിപി വിളിപ്പിച്ചു. കൂടിക്കാഴ്ച്ചക്ക് ശേഷം ഡിസിപി മടങ്ങി. അറസ്റ്റിലായവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe