ബംഗളൂരു: താൻ യു.എസിലെ പരിപാടികളിൽ പങ്കെടുക്കുന്നുവെന്ന് വ്യാജപ്രചാരണം നടത്തി ജനങ്ങളെ കബളിപ്പിച്ചുവെന്ന ഇൻഫോസിസ് ഫൗണ്ടേഷൻ അധ്യക്ഷ സുധ മൂർത്തിയുടെ പരാതിയിൽ രണ്ടു സ്ത്രീകൾക്കെതിരെ പൊലീസ് കേസെടുത്തു. ലാവണ്യ, ശ്രുതി എന്നിവർക്കെതിരെയാണ് നടപടി. നോർത്ത് കാലിഫോർണിയ കന്നട കൂട്ടായ്മയുടെ സുവർണ ജൂബിലി സമ്മേളനത്തിലേക്ക് ക്ഷണിച്ച് ഏപ്രിൽ അഞ്ചിന് സുധ മൂർത്തിക്ക് ഇ-മെയിൽ ലഭിച്ചിരുന്നു.
എന്നാൽ, പങ്കെടുക്കാനാകില്ലെന്ന് മറുപടി അയച്ചെങ്കിലും പ്രചാരണം തുടർന്നു. സുധ മൂർത്തിയുടെ പി.എ എന്നു പരിചയപ്പെടുത്തിയ ലാവണ്യ അറിയിച്ചതിനെ തുടർന്നാണ് പ്രചാരണം നടത്തിയതെന്നാണ് സംഘാടകർ പറയുന്നത്. യു.എസിലെ മറ്റൊരു പരിപാടിയിൽ സുധ മൂർത്തി പങ്കെടുക്കുമെന്ന് അവകാശപ്പെട്ട് ശ്രുതി എന്ന യുവതി ആളുകളിൽനിന്ന് 40 ഡോളർ വീതം പിരിച്ചെടുത്തുവെന്നാണ് മറ്റൊരു പരാതി.