സുഗന്ധഗിരിയിലെ മരം കൊള്ള: ഡിഎഫ്ഒ ഉൾപ്പെടെ 3 പേർക്കുകൂടി സസ്പെൻഷൻ, ആകെ 9 പേർക്കെതിരെ നടപടി 

news image
Apr 18, 2024, 4:47 am GMT+0000 payyolionline.in

കോഴിക്കോട്: വയനാട് സുഗന്ധഗിരി വന ഭൂമിയിൽ നിന്ന് 126 മരങ്ങൾ മുറിച്ചു കടത്തിയതിൽ സൗത്ത് വയനാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ഷജന കരീം, കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം. സജീവൻ, ഗ്രേഡ് ഡെപ്യൂട്ടി ബീരാൻകുട്ടി എന്നിവരെക്കൂടി സസ്പെൻഡ് ചെയ്തു.  സംഭവത്തിൽ സസ്പെൻഷനിലാകുന്ന വനംവകുപ്പ് ജീവനക്കാരുടെ എണ്ണം ഇതോടെ ഒൻപതായി. കൽപ്പറ്റ റെയ്ഞ്ച് ഓഫീസർ കെ.നീതുവിനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവലിനാണ് സൗത്ത് വയനാട് ഡിവിഷന്റെ താൽക്കാലിക ചുമതല. ഫ്ലൈയിങ് സ്ക്വാഡിന്റെ താൽക്കാലിക ചുമതല താമരശ്ശേരി ആർഒ വിമലിനാണ്.

‌ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറും 2 റേഞ്ച് ഓഫിസർമാരും ഉൾപ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് ഉന്നതാന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ വനം മന്ത്രി എ.കെ.ശശീന്ദ്രൻ വനം അഡിഷനൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. പ്രതികളിൽനിന്ന് ഫോറസ്റ്റ് വാച്ചർ ആർ.ജോൺസൺ 52,000 രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മുറിക്കേണ്ട മരങ്ങൾ കരാറുകാരന് കാണിച്ചു കൊടുത്തതുപോലും വനം ജീവനക്കാരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

 

പരിശോധനകൾ ഒന്നും ഇല്ലാതെ മരം മുറിക്കുന്നതിന് അനുമതി നൽകി, കേസുകൾ റജിസ്റ്റർ ചെയ്തിട്ടും കുറ്റവാളികൾ തടി കടത്തുന്നതിന് ഇടയാക്കി, യഥാർഥ പ്രതികളെ നിയമനത്തിനു മുന്നിൽ കൊണ്ടുവന്നില്ല തുടങ്ങി വിവിധ കുറ്റങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. ഇവരിൽ കൽപറ്റ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.കെ.ചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സജി പ്രസാദ്, എം.കെ.വിനോദ് കുമാർ, വാച്ചർമാരായ ജോൺസൺ, ബാലൻ എന്നിവർ നേരത്തെ സസ്പെൻഷനിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe