സി.ബി.ഐക്ക് തിരിച്ചടി; ഡി.കെ. ശിവകുമാറിനെതിരെ അന്വേഷണം തുടരാൻ അനുമതിയില്ല

news image
Aug 29, 2024, 3:01 pm GMT+0000 payyolionline.in

ബംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ സി.ബി.ഐക്ക് കനത്ത തിരിച്ചടി. കേസിൽ അന്വേഷണം തുടരാൻ അനുമതി തേടി സി.ബി.ഐ നൽകിയ അപേക്ഷ കർണാടക ഹൈകോടതി തള്ളി.

ഹരജികൾ ഈ കോടതിയുടെ അധികാര പരിധിയിൽ വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്. സി.ബി.ഐക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. സമാന ആവശ്യവുമായി ബി.ജെ.പി നേതാവ് ബസനഗൗഡ യത്നാൽ നൽകിയ ഹരജിയും കോടതി തള്ളി. കഴിഞ്ഞ നവംബറിൽ ശിവകുമാറിനെതിരെ സി.ബി.ഐ അന്വേഷണത്തിന് നൽകിയ അനുമതി കോൺഗ്രസ് സർക്കാർ പൻവലിച്ചിരുന്നു. ബി.എസ്. യെദിയൂരപ്പ സർക്കാറിന്റെ കാലത്താണ് സി.ബി.ഐ അന്വേഷണത്തിന് അനുമതി നൽകിയത്.

നിലവിൽ കേസ് സംസ്ഥാന ലോകായുക്തയാണ് അന്വേഷിക്കുന്നത്. 2017ൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയെ തുടർന്നാണ് ഡി.കെക്കെതിരെ കേസെടുത്തത്. 2013-2018 വരെയുള്ള കാലയളവിൽ ശിവകുമാറും കുടുംബവും 74.93 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ.

ഡൽഹിയിൽ ചോദ്യം ചെയ്യലിന് ഹാജരായ ശിവകുമാറിനെ ഇ.ഡി അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ബി.ജെ.പി സർക്കാർ പിന്നീട് കേസ് സി.ബി.ഐക്ക് കൈമാറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe