‘സി.പി.എമ്മിന്‍റെ അശ്ലീല സെക്രട്ടറിയോട്, ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണം’ – കെ. സുധാകരൻ

news image
Jun 19, 2023, 6:28 am GMT+0000 payyolionline.in

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കടുത്ത വിമർശനവുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണമെന്ന് താങ്കളോട് പറയണമെന്നുണ്ട്. പക്ഷേ ഒന്നോർത്താൽ ആ സ്ഥാനത്തിന്റെ നിലവാരം തന്നെയാണ് താങ്കൾ ഇപ്പോൾ കാണിക്കുന്നത് -കെ. സുധാകരൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. മോൻസൺ മാവുങ്കൽ പ്രതിയായ പോക്സോ കേസുമായി ബന്ധപ്പെട്ട് എം.വി. ഗോവിന്ദൻ നടത്തിയ പ്രസ്താവനയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പുത്തൻ വിവാദത്തിന് വഴിതെളിച്ചിരിക്കുന്നത്.

എം.വി. ഗോവിന്ദനെ രൂക്ഷമായ ഭാഷയിലാണ് സുധാകരൻ വിമർശിച്ചത്. ‘ആന്തൂരിലെ സാജനെ ‘കൊന്ന’ ശേഷം, അയാളുടെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച ശ്യാമളയുടെ ഭർത്താവിനോട് ‘മാന്യത’ കാണിക്കണമെന്ന് പറയുന്നത് ഒരല്പം കടന്ന കൈയ്യാണ്. എന്നാലും… ഞരമ്പ് രോഗികളായ കമ്മ്യൂണിസ്റ്റ്‌ അടിമകൾ മാത്രമല്ല, ‘മാന്യമായി’ ജീവിക്കുന്ന ബാക്കിയുള്ള ജനങ്ങളും താങ്കളെ കേൾക്കുന്നുണ്ടെന്ന് വെറുതെയെങ്കിലുമൊക്കെ ഓർക്കുക.

തലച്ചോറിൽ അശ്ലീലം നിറച്ചൊരു ‘തനി’ ദേശാഭിമാനി ലേഖകനായി ഇത്ര പെട്ടെന്ന് താങ്കൾ അധഃപതിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. എന്താണ് ഗോവിന്ദൻ? ഇതാണോ രാഷ്ട്രീയം? അല്പമെങ്കിലും സംസ്കാരത്തോടെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കാൻ നിങ്ങൾക്കും സി.പി.എമ്മിനും നാളിതുവരെയും കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്?

നാട്ടിലെ മുഴുവൻ മാധ്യമങ്ങളെയും വിരട്ടി, ജനങ്ങളുടെ മുന്നിലൊരു കോമാളി പരിവേഷത്തിൽ സ്വയം നിൽക്കുമ്പോൾ, ഇത്ര വേഗം അടുത്ത വിഡ്ഢിത്തവുമായി ഇറങ്ങണമായിരുന്നോ? വിദൂഷക വേഷത്തിൽ കൺവീനർ സ്ഥാനത്തിരിക്കുന്ന ആളോട് മത്സരിക്കാനാണോ പാർട്ടി സെക്രട്ടറിയായി താങ്കളെ നിയമിച്ചിരിക്കുന്നതെന്ന് കേരളം സംശയിക്കുന്നുണ്ട്.

പൊലീസും കേസുമൊക്കെ കാണിച്ചു വിരട്ടിയാൽ ഉടൻ തന്നെ കേന്ദ്രത്തിലെ യജമാനന്റെ കാലിൽ വീഴുന്നൊരു പിണറായി വിജയനെ താങ്കൾക്ക് പരിചയമുണ്ടാകും. ആ തുലാസ്സും കൊണ്ട് മറ്റുള്ളവരെ അളക്കാൻ വരരുത്, ഗോവിന്ദൻ -കെ. സുധാകരൻ പറഞ്ഞു.

മോൻസൺ മാവുങ്കൽ പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ കെ. സുധാകരൻ സ്ഥലത്തുണ്ടായിരുന്നെന്ന എം.വി. ഗോവിന്ദന്‍റെ പ്രസ്താവനയാണ് വിവാദമായത്. പോക്സോ കേസിലും സുധാകരനെ ചോദ്യംചെയ്യേണ്ടിവരുമെന്നും പറഞ്ഞിരുന്നു. എന്നാൽ, മനസാ വാചാ അറിയാത്ത കാര്യമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പറയുന്നതെന്നും അത്തരമൊരു മൊഴി കേസിലെ പെൺകുട്ടി നൽകിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. എം.വി. ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. സുധാകരനെതിരായ പരാമര്‍ശത്തിന് കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ഡി.ജി.പിക്ക് പരാതിയും ലഭിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe