ഒല്ലൂർ: കേരളത്തിലെ സി.പി.എം നേതാക്കൾ ജീവിക്കുന്നത് ഇ.ഡിയെ പേടിച്ചു കൊണ്ടാണെന്ന് കെ. മുരളീധരൻ. ഒല്ലൂർ നിയോജകമണ്ഡലം യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെ നിശിതമായി വിമർശിക്കുന്ന സി.പി.എം, ബി.ജെ.പിയുടെ പേര് പറയാൻ പോലും മടിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന പാർട്ടി എന്നാണ് പിണറായി വിജയൻപോലും ബി.ജെ.പിയെ വിശേഷിപ്പിക്കുന്നത്. ബി.ജെ.പിക്കെതിരായി ഒരുവാക്ക് പറഞ്ഞാൽ അടുത്തദിവസം സെക്രേട്ടറിയറ്റിൽ ഇ.ഡി കയറുമെന്ന ഭയമാണ് ഇവരെ ഭരിക്കുന്നത്.
ഭരണത്തിലെ പിടിപ്പുകേടുകൾ മറച്ചുവെക്കാൻ ഇവർ നിരന്തരം കോൺഗ്രസിനെ കുറ്റം പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോണി ചിറയത്ത് അധ്യക്ഷത വഹിച്ചു. എം.പി. വിൻസെന്റ്, ടി.എൻ. പ്രതാപൻ, ജോസ് വള്ളൂർ, ഒ. അബ്ദുറഹ്മാൻ കുട്ടി, ഷാജി കോടങ്കണ്ടത്ത്, സുനിൽ അന്തിക്കാട്, ഒ.കെ.ആർ. ഗിരിജൻ, സുൽഫിക്കർ, പി.എം. ഏലിയാസ്, ജോസഫ് ചാലിശ്ശേരി, സുന്ദരൻ കുന്നത്തുള്ളി, റിസൺ വർഗ്ഗീസ്, തുടങ്ങിയവർ സംസാരിച്ചു.