കോഴിക്കോട്: മാർച്ച് 10ന് തുടങ്ങിയ സി.എച്ച് മേൽപാലം നവീകരണത്തിന്റെ ഭാഗമായി പാലത്തിന് മുകളിലുള്ള നിർമാണ പ്രവർത്തനങ്ങൾ ചൊവ്വാഴ്ച ആരംഭിച്ചു. പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി തടഞ്ഞാണ് നിർമാണം നടക്കുന്നത്. ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസ് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്.
ഗാന്ധിറോഡ്, എ.കെ.ജി മേൽപാലം, ക്രിസ്ത്യൻ കോളജ് ജങ്ഷനുകൾ, റെയിൽവേ സ്റ്റേഷൻ റോഡ്, ഒന്നാം മേൽപാലം ഭാഗങ്ങളിൽ വലിയ ഗതാഗതത്തിരക്കാണ് അനുഭവപ്പെടുന്നത്. പാലത്തിലേക്കുള്ള അപ്രോച് റോഡുകളിലാണ് നിർമാണപ്രവർത്തനം ആരംഭിച്ചത്. പാലത്തിൽ ചിപ്പിങ് പ്രവർത്തനമാണ് നടക്കുന്നത്. പാലത്തിന്റെ ബീം ബലപ്പെടുത്തുന്ന പ്രവർത്തനവും ഇതോടൊപ്പം നടക്കും.
പാലത്തിനടിയിലെ നിർമാണമായിരുന്നു ഇതുവരെ. തുടർന്നാണ് ചൊവ്വാഴ്ച മുതൽ പാലത്തിന് മുകളിൽ പണി തുടങ്ങിയത്. ഹാൻഡ് റെയിൽ, കാന്റിലിവർ എന്നിവ പുതിയ വാർപ്പിൽ ബലപ്പെടുത്തിയെടുക്കും.
മുംബൈ ആസ്ഥാനമായ സെട്രക്ചറൽ സ്പെഷാലിറ്റീസ് എന്ന കമ്പനിയാണ് പാലം നന്നാക്കാൻ കരാറെടുത്തത്. ഒമ്പതുമാസം കൊണ്ട് പണി തീർക്കണമെന്നാണ് കരാർ. ‘കാതോഡിക് പ്രൊട്ടക്ഷൻ’ രീതിയിലുള്ള ബലപ്പെടുത്തലും നടക്കും. കമ്പികളിലെ തുരുമ്പ് പുതിയ സാങ്കേതിക വിദ്യയിലൂടെ പൂർണമായി തടയുകയാണ് രീതി. കൈവരികളിൽ ആദ്യമായി ഈ രീതി നടപ്പാക്കും. ഹൈഗ്രേഡ് കോൺക്രീറ്റിട്ട ശേഷം ആൻഡി കാർബനേറ്റ് കോട്ടിങ്ങും നൽകും. 1984ലാണ് മൂന്നാം റെയിൽവേ ഗേറ്റിന് കുറുകെ റെഡ് ക്രോസ് റോഡിൽ 25 സ്പാനുകളും 300 മീറ്ററോളം നീളവുമുള്ള മേൽപാലം പണിതത്.