സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു: കണ്ണൂർ നഗരത്തിൽ പകൽ വെളിച്ചത്തിൽ സ്വർണ മാല മോഷണം

news image
Oct 25, 2024, 7:47 am GMT+0000 payyolionline.in

തളിപ്പറമ്പ്: കണ്ണൂരിൽ  അമ്മയുടെ കയ്യിലിരുന്ന കുഞ്ഞിന്‍റെ സ്വർണമാല പൊട്ടിച്ചെടുത്ത് രണ്ട് സ്ത്രീകൾ.തലിപ്പറമ്പ് നഗരത്തിൽ പട്ടാപ്പകലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. പ്രധാന പാതയോരത്ത് സിസിടിവിയടക്കമുള്ള മെഡിക്കൽ സ്റ്റോറിൽ വെച്ചാണ് പട്ടാപ്പകൽ സ്ത്രീകൾ പിഞ്ച് കുഞ്ഞിന്‍റെ സ്വർണ്ണമാല പൊട്ടിച്ചെടുത്തത്. സഹകരണ ആശുപത്രിക്ക് നേരെ മുന്നിലുള്ള മെഡിക്കൽ സ്റ്റോറിലാണ് സംഭവം. സെയിദ് നഗർ സ്വദേശിനിയായ ഫാഹിദയുടെ ഒരുവയസുള്ള മകളുടെ മാലയാണ് രണ്ട് യുവതികൾ വിദഗ്ധമായി പൊട്ടിച്ചെടുത്തത്. മോഷണത്തിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

 

 

ഫായിദ കുഞ്ഞിന് മരുന്ന് വാങ്ങാനായാണ് മെഡിക്കൽ സ്റ്റോറിലെത്തിയത്. ഈ സമയം റോഡ് മുറിച്ച് കടന്ന് ചുരിദാർ ധരിച്ച രണ്ട് സ്ത്രീകൾ മെഡിക്കൽ സ്റ്റോറിലേക്ക് വരുന്നത് സിസിടിവിയിലെ ക്യാമറയിൽ കാണാം. മെഡിക്കൽ സ്റ്റോറിലെ ജീവനക്കാർ ഫായിദയ്ക്ക് മരുന്ന് നൽകുന്ന തക്കത്തിലാണ് മോഷണം നടന്നത്. യുവതികളിൽ ഒരാൾ മെഡിക്കൽ സ്റ്റോർ ജീവനക്കാരോട് സംസാരിച്ച് ശ്രദ്ധമാറ്റിയ തക്കത്തിനാണ് കൂടെയുണ്ടായിരുന്ന യുവതി തന്ത്രപരമായി പിന്നിൽ നിന്നും കുട്ടിയുടെ മാല പൊട്ടിച്ചെടുത്തത്. ഈ ദൃശ്യങ്ങളെല്ലാം സിസിടിവി പതിഞ്ഞിട്ടുണ്ട്.

കറുത്ത ചുരിദാറും ചുവന്ന ഷാളും ധരിച്ച യുവതി ജീവനക്കാരുടെ ശ്രദ്ധതിരിച്ച തക്കത്തിന് കൂട്ടുപ്രതി തന്‍റെ ഷാൾകൊണ്ട് പിന്നിലെ കാഴ്ചയും മറച്ച് കുട്ടിയുടെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. പിന്നാലെ ഒന്നും സംഭവിക്കാത്ത പോലെ യുവതികൾ സ്ഥലം വിട്ടു. ഫായിദ പിന്നീടാണ് മകളുടെ മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. തളിപ്പറമ്പ് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മാല മോഷണം പോയത് മെഡിക്കൽ സ്റ്റോറിന് മുന്നിൽ നിന്നാണെന്ന് കണ്ടെത്തിയത്. സ്വർണ്ണമാല പൊട്ടിച്ച സ്ത്രീകൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe