ചാരുംമൂട്: വഴി ചോദിക്കാനെന്ന പേരിൽ കാർ നിർത്തി വയോധികയെ കയറ്റിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്നശേഷം ആളൊഴിഞ്ഞ റോഡിൽ തള്ളിയയാൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. അടൂർ മൂന്നളം സഞ്ചിത് ഭവനിൽ സഞ്ജിത് എസ്. നായർ (44) എന്നയാളെയാണ് കസ്റ്റഡിയിൽ എടുത്തത്. ബാങ്കിൽ വാർധക്യകാല പെൻഷൻ വാങ്ങാൻ പന്തളത്തേക്ക് പോകാൻനിന്ന ആറ്റുവ സ്വദേശിയായ 75കാരിയാണ് ആക്രമണത്തിനിരയായത്.
തിങ്കളാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. ഇടപ്പോൺ എ.വി മുക്കിൽ പന്തളത്തേക്ക് പോകാൻ ബസ് കാത്തുനിന്ന വയോധികയുടെ സമീപത്ത് കാർ നിർത്തിയ ശേഷം വയോധികയോട് പന്തളത്തേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുത്തപ്പോൾ പന്തളത്തേക്കാണെങ്കിൽ കാറിൽ കയറാൻ പറഞ്ഞു. വരുന്നില്ലെന്ന് പറഞ്ഞിട്ടും നിർബന്ധിച്ച് പിൻസീറ്റിൽ കയറ്റി യാത്ര തുടർന്നപ്പോൾ യുവാവ് വിശേഷങ്ങൾ ആരാഞ്ഞു.
ചേരിക്കൽ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോഴേക്കും വയോധികയുടെ മുഖത്തേക്ക് മൂന്നുതവണ പെപ്പർ സ്പ്രേ അടിച്ചു. മുഖം പൊത്തി ശ്വാസംമുട്ടലോടെ ഇരുന്ന വയോധികയുടെ കഴുത്തിൽ കിടന്ന മാല വലിച്ചുപൊട്ടിക്കാൻ ശ്രമിച്ചപ്പോൾ തടയാൻ ശ്രമിച്ചെങ്കിലും കഴുത്തിൽ കുത്തിപ്പിടിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് കഴുത്തിൽ കിടന്ന മൂന്നുപവന്റെ മാലയും ഒരുപവൻ വരുന്ന വളയും ബലമായി ഊരിയെടുത്തു. പിന്നീട് റോഡരികിൽ നിർത്തിയ കാറിൽനിന്ന് ഇയാൾ വയോധികയെ റോഡിൽ തള്ളിയിറക്കി. ഇറങ്ങുന്നതിനിടയിൽ ഇവരുടെ കൈയിലിരുന്ന പഴ്സും യുവാവ് തട്ടിപ്പറിച്ചു. റോഡിൽ കരഞ്ഞുകൊണ്ടു നിന്ന വയോധികയെ സമീപത്തെ വീട്ടിലെ വീട്ടമ്മയും തൊഴിലുറപ്പു തൊഴിലാളി സ്ത്രീകളും വിവരങ്ങൾ അന്വേഷിച്ചശേഷം വണ്ടിക്കൂലി നൽകി വീട്ടിലേക്ക് ബസ് കയറ്റിവിടുകയായിരുന്നു. വീട്ടിലെത്തിയ ശേഷമാണ് പൊലീസിൽ വിവരമറിയിച്ചത്.
തുടർന്ന് ജില്ല പൊലീസ് മേധാവി എം.പി. മോഹന ചന്ദ്രൻ ഉടൻ നൂറനാട് പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണത്തിൽ ഒരുമണിക്കൂറിനുള്ളിൽ കാറിന്റെ നമ്പർ കണ്ടെത്തി ഉടമയിലേക്ക് എത്തുകയായിരുന്നു. ഇയാളുടെ വീട്ടിൽ ഒളിപ്പിച്ചുവെച്ചിരുന്ന സ്വർണാഭരണങ്ങളും പെപ്പർ സ്പ്രേയും കണ്ടെടുത്തു. ഇയാൾ സഞ്ചരിച്ച സുസുക്കി ഡിസയർ കാറും പിടിച്ചെടുത്തു.
ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ ഇയാൾ കുറച്ചുവർഷം മുമ്പ് വരെ വിദേശത്തായിരുന്നു. നാട്ടിലെത്തിയശേഷം മറ്റു വരുമാനമാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. കാറിന്റെയും ആഡംബര ബൈക്കിന്റെയും ലോൺ കുടിശ്ശികയായി. കടബാധ്യത പെരുകിയപ്പോൾ ഇയാൾ മോഷണം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിനിമ കണ്ടാണ് പെപ്പർ സ്പ്രേ ആയുധമാക്കി കവർച്ച ആസൂത്രണം ചെയ്തതെന്ന് പ്രതി വെളിപ്പെടുത്തി. മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.